ഖൽബാണ് നീ ഫാത്തിമ; ചെലമ്പച്ചിയെ ഏറ്റെടുത്ത് മലയാളികൾ ; ശേഷം മൈക്കിൽ ഫാത്തിമ റിവ്യൂ

0

സൂര്യ മിഥുൻ

കാലമെ അടയാളപ്പെടുത്തുക ഇതാണ് മലയാളത്തിലെ ആദ്യ കമന്‍ററി ഓറിയന്‍റഡ് ചിത്രം. വാ തോരാതെ കമൻ്ററി പറഞ്ഞ് ഷൈജു ദാമോദരനെ പോലും വെട്ടിച്ചിരിക്കുകയാണ് ഫാത്തിമ. ഫുട്ബോൾ പ്രേമികളെ മാത്രമല്ല എല്ലാ തരം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകർഷിക്കാൻ പോന്ന ചിത്രം. ‘ശേഷം മൈക്കിൽ ഫാത്തിമ’യെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ന് സിനിമ കണ്ടിറങ്ങിയവരുടെ ഖൽബിൽ മുഴുവനും ഫാത്തിമ മാത്രമാണ്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ഫാത്തിമയും അവളുടെ ലോകവും മോഹവുമൊക്കെ സിനിമ കണ്ടിറങ്ങിയാലും മനസിൽ നിറഞ്ഞങ്ങനെ നിൽക്കും.സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍.

ഫുട്ബോളിനെ ഖൽബിലെ തുടിപ്പായി കൊണ്ടുനടക്കുന്ന, മലപ്പുറത്തെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലെ അംഗമാണ് ഫാത്തിമ. കുഞ്ഞുന്നാൾ മുതൽ പ്രസരിപ്പോടെ നാട്ടുകാര്യങ്ങൾ തിരക്കി ഓടിനടക്കുന്ന വായാടിയായ ഫാത്തിമയെ നാട്ടുകാർ വിളിക്കുന്നത് ചെലമ്പച്ചി എന്നാണ്. ചെലമ്പിച്ചി എന്ന് വിളിപ്പേരുള്ള ഫാത്തിമയുടെ രക്തത്തില്‍ ഉള്ളതാണ് ഫുട്ബോൾ. പഴയ സെവന്‍സ് കളിക്കാരനും ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്കുമായ മുനീറിന്‍റെ മകളാണ് ഫാത്തിമ. മുനീറിന്‍റെ മൂത്ത മകന്‍ ആസിഫും ഫുട്ബോള്‍ അഭിനിവേശമുള്ള ആളാണ്. വിദേശ ലീഗുകളടക്കം ചേട്ടനൊപ്പം ഇരുന്ന് കാണുന്ന, റയല്‍ മാഡ്രിഡിന്‍റെ കടുത്ത ആരാധികയായ ഫാത്തിമയുടെ മുന്നിലേക്ക് ഒരു ഫുട്ബോള്‍ കമന്‍റേറ്ററുടെ മൈക്ക് യാദൃശ്ചികമായി എത്തുകയാണ്.

സ്വന്തം ഇക്ക നടത്തുന്ന കളിയുടെ തന്നെ കമന്ററി പറഞ്ഞ് ഫാത്തിമ തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവച്ചു.

ടെലിവിഷനിൽ വരുന്ന കാർട്ടൂണുകൾക്കും ഫുട്ബോൾ മത്സരങ്ങൾക്കുമെല്ലാം കമന്ററി പറയലാണ് ഫാത്തിമയുടെ പ്രധാനവിനോദം. വെറുതേ കളി കണ്ട് ആസ്വദിക്കുന്നതിലല്ല, മറിച്ച് കളിക്കളത്തിലെ പന്തിന്റെ ചലനം പോലും ശാസ്ത്രീയമായി വിലയിരുത്തുംവിധമാണ് അവളുടെ കളിയറിവ്.

കമൻ്ററിയുടെ ആദ്യവേദിയില്‍ തന്നെ വലിയ കൈയടി ലഭിച്ചതോടെ ആ മോഹം അവളെ വിടാതെ പിന്തുടരുകയാണ്.

 

പ്രായം കഴിയുന്നതിനു മുൻപ് മകളെ കെട്ടിച്ചയയ്ക്കണമെന്ന ഉപ്പയുടെ ആഗ്രഹം കാറ്റിൽ പറത്തി ഫാത്തിമ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി കൊച്ചിക്കു വണ്ടികയറി. പക്ഷേ നഗരത്തിലെ കളി നാട്ടിൻപുറത്തെ കൊച്ചു ഗ്രൗണ്ടിലെ നന്മയുടെ കാൽപന്തുകളി ആയിരുന്നില്ല. ചതിയുടെയും വഞ്ചനയുടെയും കാലുവാരലിന്റെയും മൈതാനത്തിൽ ചെലമ്പച്ചി എന്ന ഫാത്തിമ ആദ്യമായി കാലിടറി വീണു.വെല്ലുവിളികളെ നേരിടാൻ ഫാത്തിമയ്ക്ക് കൂട്ടായുണ്ടായിരുന്നത് ഫുട്ബോളായിരുന്നു. അതെ, വെറും കളിയല്ല ഫുട്ബോൾ. അതൊരു വികാരമാണ്.കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും സമൂഹത്തിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നുമുള്ള അവജ്ഞയും പരിഹാസവുമെല്ലാം അവളനുഭവിക്കുന്നത് ഫുട്ബോളിനോടുള്ള പ്രണയം മൂലമാണ്. “ഇതെന്റെ ജീവിതമല്ലേ, ഞാൻ ആഗ്രഹിക്കുന്നയിടത്ത് ഞാൻ തന്നെ കൊണ്ടു ചെന്നെത്തിക്കേണ്ടേ” എന്നാണ് അവൾ പറഞ്ഞു കൊണ്ടേയിരുന്നത്.

 

എല്ലാ ഇന്‍സ്പിരേഷണല്‍ മൂവീസിന്‍റെയും ഘടനയില്‍ തന്നെയാണ് സംവിധായകന്‍ മനു സി കുമാര്‍ ശേഷം മൈക്കില്‍ ഫാത്തിമയും ഒരുക്കിയിരിക്കുന്നത്.

 

ക്രിക്കറ്റ് പ്രമേയമായി 1983, 83, 800, ഘൂമർ, ധോനി തുടങ്ങിയ ചിത്രങ്ങളും ഫുട്ബോൾ പ്രമേയമായി സുഡാനി ഫ്രം നൈജീരിയ പോലുള്ള ചിത്രങ്ങളും കണ്ട പ്രേക്ഷകർക്ക് മുന്നിലേക്കാണ് കമന്റേറ്റർ ആവാൻ ആ​ഗ്രഹിച്ച പെൺകുട്ടിയുടെ കഥയുമായി മനു സി കുമാറും സംഘവും എത്തിയിരിക്കുന്നത്.

 

കല്യാണി പ്രിയദര്‍ശന്‍ മനോഹരമായി തന്‍റെ റോള്‍ ഇവിടെ നിര്‍വ്വഹിച്ചിട്ടുണ്ട്. സ്ക്രീന്‍ പ്രസന്‍സിലൂടെയും എനര്‍ജി ലെവലിലൂടെയും ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ആണ് താനെന്ന് ഫാത്തിമയിലൂടെ കല്യാണി തെളിയിക്കുന്നുണ്ട്. ഒപ്പം ഒടുങ്ങാത്ത മോഹവും അതിനുവേണ്ടിയുള്ള പരിശ്രമവും തിരിച്ചടികളില്‍ തളരാത്ത മനോനിലയുമൊക്കെയുള്ള ഫാത്തിമയെ വിശ്വസനീയമാംവിധം അവതരിപ്പിച്ചിട്ടുമുണ്ട് കല്യാണി. സിനിമയുടെ ആത്മാവ് തന്നെ കല്യാണിയുടെ സാന്നിധ്യവും പ്രകടനവുമാണെന്ന് പറയാം.

 

മറ്റ് താരനിര്‍ണയങ്ങളിലും സംവിധായകന് പിഴച്ചിട്ടില്ല. ഫാത്തിമയുടെ ചേട്ടനായി എത്തുന്ന അനീഷ് ജി മേനോന്‍, അച്ഛനായി എത്തിയ സുധീഷ്, സുഹൃത്ത് രമ്യയായി എത്തിയ ഫെമിന ജോര്‍ജ്, ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളായി എത്തിയ സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍ തുടങ്ങി എല്ലാവരും നന്നായി. അവസാനമെത്തുന്ന, എന്നാല്‍ ചിത്രത്തില്‍ മുഴുനീള സാന്നിധ്യമാവുന്ന അതിഥിവേഷത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന താരവും കൊള്ളാം. വലിയ കാന്‍വാസിലുള്ള ചിത്രമല്ലെങ്കിലും മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളുടെയും ഐഎസ്എല്ലിന്‍റെയുമൊക്കെ ആവേശ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ആവോളമുണ്ട്. സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. കഥപറച്ചിലിനെ തടസ്സപെടുത്താതെ വന്നുപോകുന്ന പാട്ടുകളും മൂഡിലെ ഹൈലൈറ്റ് ചെയ്യുന്ന പശ്ചാത്തലസം​ഗീതവുമൊക്കെ ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

Leave a Reply