‘തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു’: രാജേഷ് മാധവന്‍

0

അഭിനേതാവാന്‍ ആഗ്രഹിച്ചല്ല താന്‍ സിനിമയില്‍ എത്തിയതെന്ന് രാജേഷ് മാധവന്‍. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കണമെന്നാണ് എന്നും ആഗ്രഹിച്ചത്. മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ശ്യാം പുഷ്‌കരന്‍ വിളിച്ചപ്പോള്‍ തനിക്ക് അത്ര സന്തോഷം തോന്നിയില്ലെന്നും രാജേഷ് മാധവന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിനേതാവാകാന്‍ ഞാന്‍ ഒരിക്കലും ശ്രമം നടത്തിയിട്ടില്ല. എന്റെ ശ്രദ്ധ മുഴുവന്‍ അണിയറയിലായിരുന്നു. ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരത്തിലേക്ക് ഒരു വേഷം തരുമ്പോള്‍ എനിക്കത്ര സന്തോഷമുണ്ടായിരുന്നില്ല. പക്ഷേ അഭിനയമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് ആ സമയത്ത് മറ്റ് വരുമാനമൊന്നുമുണ്ടായിരുന്നില്ല. മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു. ഭാഗ്യത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ പോത്തണ്ണന്‍ വിളിച്ചു. ഞാന്‍ കാസര്‍കോടുകാരനായതിനാലാണ് വിളിച്ചത്. ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു.- രാജേഷ് മാധവന്‍ പറഞ്ഞു.

ഞാന്‍ ലാല്‍ സാറിന്റെ വലിയ ആരാധകനാണ്. കളിയാട്ടത്തിലെ പ്രകടനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. മികച്ച നടനും മികച്ച സംവിധായകനുമാണ് അദ്ദേഹം. മികച്ച സംവിധായകനായ ശേഷം അഭിനയത്തിലേക്ക് കടക്കണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ തിരിച്ചാണ് സംഭവിച്ചത്.- താരം കൂട്ടിച്ചേര്‍ത്തു.

പുറകെ നടന്ന് ചാന്‍സ് ചോദിക്കുക മാത്രമല്ല സിനിമയില്‍ കയറാനുള്ള വഴി എന്നാണ് രാജേഷ് പറയുന്നത്. താന്‍ സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. അതു പറയാനാണ് സംവിധായകരെ സമീപിച്ചിരുന്നത്. അതുപോലെ കതകില്‍ മുട്ടാനായി പല വഴികളുണ്ട്. അഭിനയത്തിലേക്ക് ചുവടുവെക്കും മുന്‍പ് ഫിലിംമേക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്ന് രാജേഷ് മാധവന്‍ പറഞ്ഞു.അടുത്തിടെ തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം വന്നു. പക്ഷേ ഡേറ്റ് പ്രശ്‌നത്തേ തുടര്‍ന്ന് വേണ്ടെന്ന് വയ്‌ക്കേണ്ടതായി വന്നു. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. പുതിയ സിനിമകളില്‍ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കാണാമെന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here