സംസ്ഥാനത്ത് ഒരു ഇടവേളക്കുശേഷം ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വില വർധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വിൽപ്പന നടക്കുന്നത്.
നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ മഹാരാഷ്ട്രയിൽ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞതും ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളിൽ മഴ നാശം വിതച്ചതും വിലവർധനവിന് കാരണമായി എന്നാണ് കച്ചവടക്കാർ പറയുന്നത്.
അതേസമയം നേരത്തെ ഉള്ളി സംഭരിച്ചു വച്ചിരിക്കുന്ന ചില വൻകിട കച്ചവടക്കാർ വിപണിയിൽ സാധനം നൽകാതെ പൂഴ്ത്തിവെച്ച് വില വർധനവിന് സാഹചര്യം സൃഷ്ടിക്കുന്നുവെന്നും മൊത്ത കച്ചവടക്കാരുടെ ഗോഡൗണുകളിൽ ഉൾപ്പെടെ കൃത്യമായ പരിശോധന നടത്തിയാൽ നിലവിലെ വിലയിൽ കുറവുണ്ടാകാൻ ഇടയുണ്ട് എന്നും കച്ചവടക്കാർ പറഞ്ഞു. പച്ചക്കറി വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഉള്ളി വില വർധിക്കുന്നത് .
നവരാത്രി ആഘോഷങ്ങൾ കഴിയുന്നതുവരെ വില കുറയാൻ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.