കരിപ്പൂർ വീണ്ടും കുതിക്കുന്നു; ഒക്ടോബർ 28 മുതൽ 24 മണിക്കൂർ സർവീസ്

0

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റീ കാർപെറ്റിംഗ് പ്രവൃത്തി പൂർത്തിയായതോടെ 24 മണിക്കൂർ വിമാന സർവീസ് പുനഃരാരംഭിക്കുന്നു. ഒക്ടോബർ 28 മുതൽ മുഴുവൻ സമയം സർവീസ് പുനഃരാരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായുള്ള എല്ലാ തുടർ നടപടികളും അവസാനഘട്ടത്തിൽ പുരോഗമിക്കുകയാണ്.

കരിപ്പൂരിൽ റൺവേ റീ കാർപെറ്റിംഗ് പ്രവൃത്തിക്ക് ഈ കഴിഞ്ഞ ജനുവരിയിലാണ് തുടക്കം കുറിച്ചത്. ഇതോടെ കരിപ്പൂരിലെ വിമാന സർവീസ് വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെ പുനഃക്രമീകരിച്ചിരുന്നു.

എന്നാൽ, റൺവേ റീ കാർപെറ്റിംഗ് പ്രവൃത്തിയും ഗ്രേഡിങ്ങും പൂർത്തിയായതോടെയാണ് മുഴുവൻ സമയവും സർവീസ് പുനഃരാരംഭിക്കാൻ വിമാനത്താവള അധികൃതർ തീരുമാനിച്ചത്. ഇത് ഈ വിമാനത്താവളത്തെ ആശ്രയിക്കുന്ന മലബാറിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്. കരിപ്പൂരിൽ റൺവേ നവീകരണം ആരംഭിച്ചത് മുതൽ ഇവിടെ എത്തിയിരുന്ന യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഒരേസമയം വിമാനങ്ങൾ പോകുന്നതും ഇറങ്ങുന്നതും മൂലം വിമാനത്താവളത്തിൽ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇത് പലപ്പോഴും യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കിയിരുന്നു.

തിനിടയിൽ വിമാനത്താവളത്തിൽ പകൽ സമയം റൺവേ പൂർണമായി അടച്ചതോടെ പല വിമാന കമ്പനികളും സർവീസ് താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ കരിപ്പൂരിൽ 24 മണിക്കൂർ സർവീസ് പുനഃരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വിമാന കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് പറന്നേക്കും. ജനുവരിയിൽ ആരംഭിച്ച റീ കാർപെറ്റിംഗ് ജോലികൾ ജൂണിൽ അവസാനിച്ചിരുന്നു. എന്നാൽ, വശങ്ങളിൽ മണ്ണിട്ട് നികത്തുന്ന ഗ്രേഡിങ് ജോലി നീണ്ടു പോകുകയായിരുന്നു. മണ്ണ് ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. മഴ കൂടി ആരംഭിച്ചതോടെ ഈ പണികൾ വീണ്ടും നീണ്ടുപോയി.

തുടർന്ന്, കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന്‍റെ റൺവേയുടെ മുഴുവൻ നവീകരണ പ്രവൃത്തികളും പൂർത്തിയായത്. അതേസമയം, കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് വലിയ വിമാനങ്ങൾ ഇവിടെ സർവീസ് നടത്തുന്നത് താത്കാലികമായി നിർത്തിവച്ചിരുന്നു. അപകടത്തിന് കാരണം വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേയാണെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ട്.

ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഡിജിസിഎ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ടേബിൾ ടോപ്പ് റൺവേ അല്ല അപകടത്തിന് കാരണമെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ഉടൻതന്നെ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അപകടം കഴിഞ്ഞ് മൂന്നുവർഷത്തിന് ശേഷവും കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ അധികൃതർ വേഗത്തിൽ ഇടപെട്ട് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിനുള്ള അനുമതി നൽകണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

Leave a Reply