മലപ്പുറം: മഞ്ചേരി കോണിക്കല്ലിൽ ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന് പരാതി. ക്ഷേത്രത്തിൽ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം തുറക്കാനായി എത്തിയ പരികർമിയാണ് ക്ഷേത്ര വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലിൽ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കയറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ ചുറ്റമ്പലത്തിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
ഇവിടെയാണ് പൂജക്ക് ഉപയോഗിക്കുന്ന നെയ്യെടുത്ത് മോഷ്ടാവ് ചുമരിൽ മിന്നൽ മുരളി എന്ന് എഴുതി വെച്ചത്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മഞ്ചേരി ഇൻസ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണം പോയ പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വിലയുണ്ട്. അതേസമയം ശ്രീ കോവിലിനുള്ളിൽ ഉണ്ടായിരുന്ന സ്വർണമാല മോഷണം പോയിട്ടില്ല.