തിരുവനന്തപുരം: എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബർ അഞ്ചുമുതൽ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അറിയിക്കുന്നത്. വേതന വർധനവ് അടക്കമുള്ള ആവശ്യം ഉയർത്തിയാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക് നീങ്ങുന്നത്.
വേതന വർധനവ് ലഭ്യമാകാതെ വന്നതോടെയാണ് സമരത്തിലേയ്ക്ക് നീങ്ങുന്നത്. ലേബർ ഓഫീസർമാരും ട്രക്ക് ഉടമകളും ഡ്രൈവർമാരും സംയുക്തമായി നടത്തിയ ചർച്ചകളും ഫലം കണ്ടിരുന്നില്ല.ഇന്ന് രണ്ട് മണിവരെ ട്രക്ക് ഡ്രൈവർമാർ സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്. നവംബർ അഞ്ചിന് മുൻപായി മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുമെന്നും സൂചനയുണ്ട്.
ട്രക്ക് ഡ്രൈവർമാർ സമരത്തിലേയ്ക്ക് നീങ്ങിയാൽ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്നത് കണക്കിലെടുത്താണിത്.നിലവിൽ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇത് ഒഴിവാക്കി ഫെയർവേജ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ട്രക്ക് ഉടമകൾ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കുന്നത്.