പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി; വിവാഹ വാഗ്ദാനം നല്‍കിയിരുന്നു, ഗർഭിണിയായതോടെ പിന്മാറ്റവും; നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസിൽ കാമുകനെതിരെ കേസെടുത്ത് പോലീസ്

0

കൊച്ചി: നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീ‍ഡിപ്പിച്ചു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കേസ്. മുൻപും യുവതി ഗർഭിണിയായത് ബലാത്സംഗം ചെയ്യപ്പെട്ടതു മൂലമാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. എന്നാൽ യുവാവിന് എതിരെ അന്ന് യുവതി മൊഴി നൽകിയിരുന്നില്ല. കടുത്ത അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാർട്ട്മെന്റിനു മുന്നിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. തുടർന്ന് അഞ്ചാം നിലയിൽ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. പുലർച്ചെ 5 മണിയോടെ വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാൻ വായിൽ തുണി തിരുകി വച്ചു. യുവതി ഗർഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകർ അറിഞ്ഞിരുന്നില്ല. അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തയായ യുവതി കയ്യിൽ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു.

യുവതി കുറ്റം സമ്മതിച്ച കാര്യം പൊലീസ് കമ്മിഷണർ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മാനസികമായി വലിയ ആഘാതമാണ് യുവതി ഈ സമയത്ത് നേരിട്ടിരുന്നതും. ഗർഭിണിയാണെന്നത് തിരിച്ചറിയാൻ വൈകിയെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ല എന്നുമായിരുന്നു യുവതിയുടെ മൊഴി. ആൺസുഹൃത്തിനെ കുറ്റപ്പെടുത്താതെയാണ് അന്നു യുവതി മൊഴി നല്‍കിയത്.

തൃശൂർ സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താൻ ഗർഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നൽകിയിരുന്നു. തുടർന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗർഭിണിയായതോടെ യുവാവ് പിന്മാറി എന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.

നൃത്തത്തിലുള്ള താൽപര്യമാണ് ഇരുവരെയും അടുപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ബെംഗളുരുവിൽ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് നിർത്തി നാട്ടിൽ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത് എന്നാണ് അറിയുന്നത്.

Leave a Reply