ഒരു പന്തിൽ അടിച്ചത് 13 റണ്‍സ്! ക്രിക്കറ്റിലെ അപൂര്‍വ നേട്ടം സാന്റ്‌നര്‍ക്ക്

0

ഹൈദരാബാദ്: നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ന്യൂസിലന്‍ഡ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോള്‍ അപൂര്‍വ നേട്ടത്തിനു ഉടമയായി മിച്ചല്‍ സാന്റ്‌നര്‍. മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി സാന്റ്‌നര്‍ മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു.

എന്നാല്‍ സാന്റ്‌നര്‍ നേട്ടം സ്വന്തമാക്കിയത് ബാറ്റിങിലാണ്. ഒരു പന്തില്‍ 13 റണ്‍സെടുത്ത ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വ നേട്ടമാണ് താരം സ്വന്തം പേരില്‍ എഴുതിയത്. മത്സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത സാന്റ്‌നര്‍ തന്നെയാണ് കളിയിലെ താരം. അഞ്ച് വിക്കറ്റെടുത്ത സാന്റ്‌നര്‍ മത്സരത്തില്‍ 17 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം താരം 36 റണ്‍സുമായി പുറത്താകാതെ നിന്നു.

മത്സരത്തിന്റെ ആവസാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍. അവസാന ഓവര്‍ എറിഞ്ഞത് ബാസ് ഡെ ലീഡ്. ഈ ഓവറിന്റെ അവസാന പന്തില്‍ സാന്റ്‌നര്‍ സിക്‌സര്‍ തൂക്കി. എന്നാല്‍ ഈ പന്ത് നോ ബോള്‍ ആണെന്നു അമ്പയര്‍ വിധിച്ചു. സിക്‌സും നോ ബോളിന്റെ ഒരു റണ്ണുമടക്കം ഏഴ് റണ്‍സ്. അവസാന പന്ത് ലീഡ് പിന്നെയും എറിഞ്ഞു. ഫ്രീ ഹിറ്റിനുള്ള അവസരമായ ഈ പന്തും സാന്റ്‌നര്‍ സിക്‌സര്‍ തൂക്കി. ഫലത്തില്‍ നിയമാനുസൃതമുള്ള ഒറ്റ പന്തില്‍ പിറന്നത് 13 റണ്‍സ്!

അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ സാന്റ്‌നര്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. ലോകകപ്പില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ന്യൂസിലന്‍ഡ് സ്പിന്നര്‍ എന്ന അപൂര്‍വ നേട്ടവും സാന്റ്‌നര്‍ സ്വന്തമാക്കി.

Leave a Reply