സനാതന ധർമ്മ പരാമർശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ കേസ്

0

ദില്ലി : സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ കേസ്. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകൻ നൽകിയ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്തത്.

ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് ദേശീയ തലത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്.

പരാമർശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ കലാപാഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആഹ്വാനം. ഈ സാഹചര്യത്തിൽ ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here