പേര് മാറ്റം പ്രചാരണം മാത്രം; പ്രതിപക്ഷം അഭ്യൂഹം പരത്തുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

0

ദില്ലി: ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷം അഭ്യൂഹം പരത്തുന്നു എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അതേ സമയം ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ് സർക്കാരിന്റേത്.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന ഇന്നലെയാണ് പുറത്തു വന്നത്. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here