എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി കള്ളക്കേസ് ചുമത്തി ബ്യൂട്ടി പാർലർ ഉടമയെ തുറുങ്കിൽ അടക്കാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥരും അനുഭവിക്കേണ്ടി വരും

0

എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി കള്ളക്കേസ് ചുമത്തി ബ്യൂട്ടി പാർലർ ഉടമയെ തുറുങ്കിൽ അടക്കാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥരും അനുഭവിക്കേണ്ടി വരും. ചാലക്കുടിയിലെ ഷീല സണ്ണിയിൽ നിന്നും സ്ത്രീയിൽനിന്നും ലഹരി സ്റ്റാംപ് പിടിച്ചെടുത്തെന്ന കേസ് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു.

എക്സൈസ് പരിശോധനകളെ സ്വാർഥ താൽപര്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. ഈ സംഭവത്തിൽ എക്സൈസ് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയത്. ഇപ്പോൾ എക്സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാകില്ല”-മന്ത്രി പറഞ്ഞു.

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷീലയുടെ ബ്യൂട്ടി പാർലറിൽ ലഹരിമരുന്ന് ഇടപാടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഷീല സണ്ണി പറഞ്ഞത് ഇങ്ങനെയാണ്: ”ഫെബ്രുവരി 27ാം തീയതി വൈകിട്ട് അഞ്ചരയോടെയാണ് കുറേ ഓഫിസർമാർ വന്നത്. ഞാൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി വിവരം കിട്ടി, പരിശോധിക്കണം എന്നു പറഞ്ഞു. ഞാൻ പരിശോധിച്ചോളാൻ പറഞ്ഞു. ഇതു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യം എനിക്കുണ്ടല്ലോ. പരിശോധിക്കാൻ വന്നവർ വേറെ എവിടെയും നോക്കിയില്ല. ബ്യൂട്ടി പാർലറിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അവർ നേരെ വന്നു നോക്കിയത് എന്റെ ബാഗിലാണ്. എന്റെ ബാഗിലും വണ്ടിയിലുമാണ് സാധനമുള്ളതെന്ന് വിളിച്ചു പറഞ്ഞവർ കൃത്യമായി അറിയിച്ചിരുന്നു.’

”വണ്ടി സാധാരണയായി പാർലറിന്റെ താഴെയാണ് നിർത്താറുള്ളത്. ഉദ്യോഗസ്ഥർ നേരെ വന്നു ബാഗ് തുറന്ന് അതിന്റെ അറയിൽനിന്ന് ഒരു പൊതിയെടുത്തു. അതായത് അവർ കണ്ടതുപോലെയാണ് എല്ലാം വിളിച്ചു പറഞ്ഞിരിക്കുന്നത്. മോനെ വിളിച്ചുവരുത്തി അവനെയും കൂട്ടിപ്പോയാണ് വണ്ടിയിൽനിന്ന് മറ്റൊരു പൊതിയെടുത്തത്. അതിനുശേഷം ഇത് മയക്കുമരുന്നാണ് എന്ന് അവർ പറഞ്ഞു. സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുപോലും എനിക്കു മനസ്സിലായില്ല. എന്തൊക്കെയോ എഴുത്തും കുത്തും കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എന്നെ ചാലക്കുടിയിലെ എക്സൈസ് ഓഫിസിലേക്കു കൊണ്ടുപോയി.’

”അതിനുശേഷം കുറേ പത്രക്കാരും ചാനലുകാരും വന്നു. എന്റെ കുറേ ഫോട്ടോടെയുത്തു. ഈ സമയമെല്ലാം ഞാൻ അവിടെ ഇരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും എനിക്കു മനസ്സിലായില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരു ഓഫിസർ എന്നോടു തല കുമ്പിട്ടിരിക്കാൻ പറഞ്ഞു. ഇതൊക്കെ വാർത്തയാകുമെന്നോ എന്നെ ജയിലിൽ കൊണ്ടുപോകുമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവർ ഇപ്പോൾത്തന്നെ വീട്ടിൽ വിടുമെന്നായിരുന്നു എന്റെ ധാരണ.’

”ഇതൊന്നും ഞാൻ വച്ചതല്ലെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞതാണ്. ബാഗ് ഞാനല്ലേ ഉപയോഗിക്കുന്നത് എന്ന് അവർ ചോദിച്ചു. അതേയെന്നു ഞാൻ മറുപടി പറഞ്ഞു. ബാഗ് ഞാനാണ് ഉപയോഗിക്കുന്നത്, വണ്ടിയും മറ്റെങ്ങും വയ്ക്കാറില്ല. അതിനിടെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബാധ്യതയുടെ കാര്യം ചോദിച്ചു. സാമ്പത്തിക ബാധ്യതയുള്ളതു കൊണ്ടാണ് ഞാൻ ഈ ബിസിനസ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.

ഒരു മാസമായിട്ട് എന്നേക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ എവിടെയാണ് പോകുന്നത്, എന്തിനാണ് പോകുന്നത് എന്നൊക്കെ നിങ്ങൾക്ക് കൃത്യമായി അറിയില്ലേ എന്നു ഞാൻ ചോദിച്ചു. ഞാൻ പറയുന്നതൊന്നും അവർ കേട്ടില്ല. വൈകിട്ട് എന്നെ ജയിലിലേക്കു കൊണ്ടുപോയി. ഇത് ആരോ എന്നെ കുടുക്കാൻ ചെയ്തതാണെന്നാണ് സംശയം. എനിക്ക് അങ്ങനെ ശത്രുക്കളൊന്നുമില്ല. ഈ ബ്യൂട്ടി പാർലർ ആരംഭിച്ചിട്ട് ഏഴു വർഷമായി.’ ഷീല വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here