എല്ലാവരോടും സ്‌നേഹം മാത്രം കാണിച്ചു, നന്മ മാത്രം ചെയ്തു, ഒരുപാട് പേരെ സഹായിച്ചു; എന്റെ പിതാവ് സ്വർഗത്തിലായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു

0

കോട്ടയം: ‘എല്ലാവർക്കും നന്ദി….അപ്പായുടെ ചികിത്സയിലടക്കം സഹായിച്ചതു കോൺഗ്രസ് പാർട്ടിയാണ്. എല്ലാറ്റിനും എല്ലാവർക്കും നന്ദി… ഈ നാടിനു നന്ദി…’ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ അന്ത്യശുശ്രൂഷാ ചടങ്ങിനിടെ തൊണ്ടയിടറി ജനത്തിന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് തന്റെ പിതാവിന്റെ അന്ത്യ ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് പറഞ്ഞതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

എല്ലാവരെയും സ്‌നേഹിച്ചതു കൊണ്ട് എന്റെ പിതാവ് സ്വർഗത്തിലായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് പാർക്കും നേതാക്കൾക്കും ചാണ്ടി ഉമ്മൻ പേരെടുത്തു നന്ദിയും പറഞ്ഞു. എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ തങ്ങളോട് കാണിച്ച സ്‌നേഹം എടുത്തു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും പ്രത്യേകം നന്ദി അറിയിച്ചു. അവരെല്ലാം തുടർച്ചയായി തന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവന്നു. കേരളം, ഗോവ, ബംഗാൾ ഗവർണർമാർക്കും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കാണിച്ച താത്പര്യത്തിന് സ്‌നേഹം അറിയിച്ചു.

ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: ‘അദ്ദേഹം ആരെയും ദ്രോഹിച്ചതായി ഞാൻ കേട്ടിട്ടില്ല. എല്ലാവർക്കും നന്മ മാത്രം ചെയ്തയാളാണ്. എല്ലാവരോടും സ്‌നേഹം മാത്രം കാണിച്ചു. എല്ലാവർക്കും നന്മ മാത്രം ചെയ്തു. ഒരുപാട് പേരെ സഹായിച്ചു. അത് കണ്ട് വളരാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബാംഗങ്ങൾക്കുമുണ്ടായി.

24 മണിക്കൂറും ജോലി ചെയ്ത വ്യക്തിക്ക് ഈ നാട് 24 മണിക്കൂറിലേറെ സമയം ആദരം നൽകിയാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെയെത്തിച്ചത്. ഞാൻ സ്‌നേഹിക്കുന്നതിനേക്കാൾ നിങ്ങൾ അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്നതാണ് കഴിഞ്ഞ 10 മാസങ്ങൾ. പുതുപ്പള്ളി അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിച്ചുവെന്നും അദ്ദേഹം തിരിച്ചും എത്രമാത്രം സ്‌നേഹിച്ചുവെന്നും എനിക്ക് അറിയാം. പുതുപ്പള്ളിയിൽ തുടങ്ങിയ സ്‌നേഹം കേരളം മുഴുവൻ വ്യാപിച്ചു. അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിച്ച ഓരോ മലയാളിയോടുമുള്ള നന്ദി അറിയിക്കുന്നു’. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹോദരങ്ങളെപ്പോലെയാണു പ്രവർത്തിച്ചതെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.

അതേസമയം മനസ്സലിവിന്റെ ആൾരൂപമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരശുശ്രൂഷയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഏതു രംഗത്തായാലും എല്ലാവരോടും സമാധാനപരമായി പ്രവർത്തിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മലങ്കര സഭയുടെ അഭിമാന പുത്രനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അറിയാത്ത രീതിയിൽ പാവപ്പെട്ടവരോടു കാരുണ്യം കാണിക്കാൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന് അർഹിക്കുന്ന വിട നൽകാൻ കഴിഞ്ഞു. ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധതയും മനസ്സിന്റെ സമർപ്പണവും ഏവർക്കും അറിയാമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here