മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തൽ നാല് പേർ അറസ്റ്റിൽ

0

ഇംഫാൽ: മണിപ്പൂരിൽ കുക്കി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിൽ. മെയ്‌തെയ് വിഭാഗത്തിൽ പെട്ടവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായത്. ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അക്രമകാരികൾക്കൊപ്പമായിരുന്നു പൊലീസെന്ന് ഇരകളിൽ ഒരാൾ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡിൽ ആൾക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും ഇര ഒരു മാധ്യമത്തോട് പ്രതികരിച്ചു.സംഭവത്തിൽ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങൾ രംഗത്ത് എത്തി. ചുരാചന്ദ്പുരിൽ ഗോത്ര വിഭാഗങ്ങൾ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

അതേസമയം വേട്ടയ്ക്ക് കൂട്ടു നിന്നത് പൊലീസുമാണെന്നാണ് വിവരം. കാങ്‌പോക്പി ജില്ലയിലെ ഗ്രാമത്തിൽ മെയ്‌തേയ് വിഭാഗക്കാർ യന്ത്രത്തോക്കടക്കം ആയുധങ്ങളുമായെത്തി കുക്കികളുടെ വീടിന് തീവെക്കുന്നുവെന്ന് കേട്ട് കാട്ടിലേക്ക് രക്ഷപ്പെട്ടോടിയതാണ് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും. ആപത്ത് ഭയന്ന് ഇവർ പൊലീസിൽ അഭയം തേടി. നോങ്‌പോക് സെക്മായ് പൊലീസ് ഇവരുമായി നീങ്ങുന്നതിനിടെ അക്രമാസക്തരായ ജനക്കൂട്ടത്തിന് മുന്നിൽപെട്ടു.

പൊലീസ് നോക്കിനിൽക്കെ ആക്രമികൾ അഞ്ചുപേരെയും തട്ടിക്കൊണ്ടുപോയി. 56കാരനെ കുറച്ചുദൂരം കൊണ്ടുപോയശേഷം കൊലപ്പെടുത്തി. സ്ത്രീകളോട് വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു. 21കാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. എതിർത്ത സഹോദരനെ കൊലപ്പെടുത്തി. മറ്റൊരു സ്ത്രീയെ തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോയി മർദിച്ചു -മെയ്‌ നാലിന് കാങ്‌പോക്പി ജില്ലയിൽ നടന്ന സംഭവങ്ങൾ മനഃസാക്ഷിയുള്ള ആരുടെയും കരളുലക്കുന്നതാണ്.

തുണിയുരിഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ആക്രോശിച്ചാണ് ജനക്കൂട്ടം യുവതികളെ വളഞ്ഞതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമായ ‘സ്‌ക്രോൾ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. ജനക്കൂട്ടം യുവതികളെ തുടരെ അപമാനിക്കുന്നതും നിസ്സഹായരായ സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നത് കാണാം.

ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെയ്‌ 18നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ, ദൃശ്യം പുറത്തായി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം രൂക്ഷമായതോടെ മുഖ്യസൂത്രധാരനെന്ന് പറയുന്നയാളെയും മറ്റു മൂന്ന് പ്രതികളെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.

മെയ് നാലിന് മണിപ്പൂരിലെ തൗബാലിൽ ഉണ്ടായ കലാപത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൻ രോഷത്തിന് വഴിവെച്ചു. എഫ്‌ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്ന്.

സംഭവം വൻ വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സാഹചര്യം വിലയിരുത്തി. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വരഹിതവുമെന്ന് ബീരേൻ സിങ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും ബീരേൻ സിങ് പറഞ്ഞു . തൗബാലിലെ ക്രൂരകൃത്യത്തിനെതിരെ ചുരാചന്ദ്പ്പൂരിലും ഡൽഹിയിലും പ്രതിഷേധം നടന്നു. ഇതിനിടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് കേന്ദ്രസർക്കാർ ട്വിറ്റർ അടക്കമുള്ള കന്പനികളോട് നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here