വടക്കഞ്ചേരി: പ്രായപൂർത്തിയാകാത്ത മകനെ ഒപ്പംകൂട്ടി മദ്യവില്പന നടത്തിയ ആളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വാൽക്കുളമ്പ് സ്വദേശി മാധവനാണ് (45) പൊലീസിന്റെ പിടിയിലായത്. അഞ്ച് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു.
മകനെയും ഒപ്പം കൂട്ടിയാണ് ഇയാൾ മദ്യവിൽപ്പനയ്ക്ക് ഇറങ്ങുന്നത്. മകനെയും കൂട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് മദ്യം വിൽക്കുന്നത്. പൊലീസോ ആളുകളോ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വിവരം നൽകുന്നതിനാണ് മകനെ കൂടെക്കൂട്ടുന്നതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വാൽക്കുളമ്പ് വെട്ടിക്കലിൽ ഇടപാടുകാരെ കാത്തുനിൽക്കുമ്പോൾ വടക്കഞ്ചേരി എസ്‌ഐ. ജീഷ്മോൻ വർഗീസ്, എഎസ്ഐ. അനന്തകൃഷ്ണൻ, സീനിയർ സി.പി.ഒ. യു. ഗോപകുമാർ, സി.പി.ഒ.മാരായ റിനു മോഹനൻ, സുബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് മാധവനെ പിടികൂടുകയായിരുന്നു.
മകനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുമ്പിൽ ഹാജരാക്കി. മാധവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.