ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം; സമനിലയിൽ

0

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സമനിലയിൽ. 365 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 76 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് കളി നടന്നില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടിയപ്പോൾ വിൻഡീസിൻ്റെ മറുപടി 255ലൊതുങ്ങി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. മഴയും ഒരു ദിവസം മാത്രം ബാക്കിയുള്ളതും പരിഗണിച്ച് ടി-20 ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുകയറി. 35 ബോളിൽ രോഹിത് ശർമ ഫിഫ്റ്റി തികച്ചു. 44 പന്തിൽ 57 റൺസെടുത്ത്, യശസ്വിക്കൊപ്പം ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടുയർത്തിയാണ് താരം മടങ്ങിയത്. ഇരുവരും ഈ ഇന്നിംഗ്സിനിടെ നിരവധി റെക്കോർഡുകളും സ്വന്തമാക്കി. ടെസ്റ്റിൽ ഇന്ത്യയുടെ വേഗതയേറിയ ഓപ്പണിങ്ങ് ഫിഫ്റ്റി കൂട്ടുകെട്ടടക്കം സഖ്യം പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു. തുടരെയുള്ള ഇന്നിംഗ്സുകളിൽ ഇരട്ടയക്കത്തിലെത്തുന്ന താരമെന്ന റെക്കോർഡും രോഹിത് നേടി. വിൻഡീസിനെതിരായ രണ്ടാം ഇന്നിംഗ്സ് തുടരെ ഇരട്ടയക്കത്തിലെത്തുന്ന രോഹിതിൻ്റെ 30ആം ഇന്നിംഗ്സായിരുന്നു.

Leave a Reply