സാഫ്‌ ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌ ; ഇന്ത്യക്ക്‌ എതിരാളികള്‍ കുവൈത്ത്‌ , കലാശപ്പോരാട്ടം രാത്രി 7.30 ന്‌

0


ബംഗളുരു: സാഫ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കലാശപ്പോരാട്ടത്തില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. എതിരാളികള്‍ കരുത്തരായ കുവൈത്ത്‌. ഇന്നു വൈകിട്ട്‌ 7.30ന്‌ ബംഗളുരു ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തിലാണു ഫൈനല്‍. ഫാന്‍കോഡില്‍ തല്‍സമയം കാണാം.
സാഫ്‌ ഫുട്‌ബോളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം ഫൈനലാണ്‌ ഇന്ന്‌ ബംഗളുരുവില്‍ അരങ്ങേറുന്നത്‌. ഒന്‍പതാം ചാമ്പ്യന്‍പട്ടമാണ്‌ നീലപ്പട ലക്ഷ്യമിടുന്നത്‌.
സെമിഫൈനലില്‍ ലെബനന്റെ വെല്ലുവിളി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാനിപ്പിച്ചാണ്‌ സുനില്‍ ഛേത്രിയും സംഘവും ഫൈനലിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തത്‌. ഗോള്‍കീപ്പര്‍ ഗുല്‍പ്രീത്‌ സിങ്‌ സന്ധുവിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 4-2 നായിരുന്നു ഇന്ത്യന്‍ ജയം. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയായിരുന്നു കുവൈത്തിന്റെ ഫൈനല്‍ പ്രവേശം.
ഗ്രൂപ്പ്‌ തലത്തില്‍ ഇന്ത്യയും കുവൈത്തും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. മത്സരം അവസാനിക്കുന്നതിന്‌ ഏതാനും മിനിറ്റുള്ളപ്പോള്‍ വഴങ്ങിയ സെല്‍ഫ്‌ഗോളാണ്‌ അര്‍ഹിച്ച ജയം ഇന്ത്യയില്‍നിന്ന്‌ തട്ടിയകറ്റിയത്‌. ഗ്രൂപ്പ്‌ എയില്‍ നടന്ന പോരാട്ടം അവസാനിച്ചത്‌ 1-1 ന്‌.
ഫിഫ റാങ്കിങ്ങില്‍ മുന്നിലാണെന്നതിനു പുറമേ ആതിഥേയരെന്ന ആനുകൂല്യവും ഇന്ത്യക്ക്‌ അനുകൂല ഘടകമാണ്‌. നിലവിലെ റാങ്കിങ്ങില്‍ ഇന്ത്യ നൂറാമതും കുവൈത്ത്‌ 141-ാം സ്‌ഥാനത്തുമാണ്‌. എന്നാല്‍ റാങ്കിങ്ങിലേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കുവൈത്തിന്റെ ശക്‌തി ഗ്രൂപ്പ്‌ഘട്ട മത്സരത്തില്‍ ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്‌.
സ്വന്തം കാണികള്‍ക്കുമുന്നില്‍ 2019-ലാണ്‌ ഇന്ത്യ അവസാനമായി തോല്‍വി വഴങ്ങിയത്‌. നാട്ടില്‍ തുടര്‍ച്ചയായ 12 കളികളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പിലാണ്‌ ടീം ഇന്ത്യ. ഇത്‌ ഫൈനലിലും ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഇന്ത്യന്‍ ആരാധകര്‍.
മുന്നേറ്റത്തില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളടിമികവിലും ഗോള്‍വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്ന ഗോള്‍കീപ്പര്‍ ഗുല്‍പ്രീത്‌ സിങ്‌ സന്ധുവിലുമാണ്‌ ഇന്ത്യയുടെ പ്രതീക്ഷകളത്രയും. ഗ്രൂപ്പ്‌ തലത്തില്‍ തുടര്‍ച്ചയായി ഗോളടിച്ച ഛേത്രിക്കു സെമിയില്‍ നിശ്‌ചിത സമയത്തും അധികസമയത്തും സ്‌കോര്‍ ചെയ്യാനായിരുന്നില്ല. താരം ഗോളടി ആവര്‍ത്തിച്ചാല്‍ കിരീടം ഒന്‍പതാംവട്ടവും ഇന്ത്യയുടെ ഷെല്‍ഫില്‍ ഭദ്രമാകും. 61 മത്സരങ്ങളില്‍ 24 ക്ലീന്‍ ഷീറ്റുകളുമായി തന്റെ സഹതാരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്‌ ഗോള്‍കീപ്പര്‍ സന്ധു.
മഹേഷ്‌ സിങ്‌, ഉദാന്ത സിങ്‌ എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും ആഷിഖ്‌ കുരുണിയനും മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ കുവൈത്ത്‌ വിയര്‍ക്കും.
ലെബനനെതിരായ സെമിയില്‍ പുറത്തിരുന്ന പ്രതിരോധനിരയിലെ വിശ്വസ്‌തന്‍ സന്ദേശ്‌ ജിംഗന്‍ മടങ്ങിയെത്തുന്നത്‌ ഇന്ത്യന്‍ നിരയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. പാകിസ്‌താനും കുവൈത്തിനുമെതിരായ ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ലഭിച്ച മഞ്ഞക്കാര്‍ഡുകളാണ്‌ ജിംഗനെ സെമിയില്‍ പുറത്തിരുത്തിയത്‌. സെമിയില്‍ ജിംഗനു പകരം കളിച്ച അന്‍വര്‍ അലി തകര്‍പ്പന്‍ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ലെബനീസ്‌ മുന്നേറ്റത്തിന്റെ മുനയൊടിച്ച അലിയുടെ കേളീമികവ്‌ ഫൈനലില്‍ അവസാന ഇലവനിലേക്ക്‌ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കാം.
അച്ചടക്കനടപടി നേരിടുന്ന മുഖ്യപരിശീലകന്‍ ഇഗോര്‍ സ്‌റ്റിമാച്ച്‌ ഇന്നും ഗ്യാലറിയിലിരുന്ന്‌ കളി കാണും. പാകിസ്‌താനും കുവൈത്തിനുമെതിരായ ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ചുവപ്പുകാര്‍ഡ്‌ കിട്ടിയ സ്‌റ്റിമാച്ചിന്‌ സാഫ്‌ അച്ചടക്കസമിതി രണ്ടു മത്സരങ്ങളില്‍ വിലക്ക്‌ വിധിച്ചിരുന്നു. സഹപരിശീലകന്‍ മഹേഷ്‌ ഗാവ്‌ലിയായിരിക്കും സൈഡ്‌ലൈനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കുക.
പോര്‍ച്ചുഗല്‍ മുന്‍താരം കൂടിയായ റൂയി ബെന്റോ പരിശീലിപ്പിക്കുന്ന കുവൈത്തും തികഞ്ഞ പ്രതീക്ഷയിലാണ്‌. ആതിഥേയരുടെ പോരാട്ടവീര്യത്തെ മികച്ച പ്രകടനത്തിലൂടെ മറികടന്നാല്‍ കിരീടവുമായി വിമാനം കയറാമെന്ന ആത്മവിശ്വാസത്തിലാണ്‌ കുവൈത്ത്‌.

LEAVE A REPLY

Please enter your comment!
Please enter your name here