ചിലവ് തുച്ഛം, ആരോഗ്യം മെച്ചം; വെറും 27,000 രൂപക്ക് ഇലക്ട്രിക് സൈക്കിളുമായി ടാറ്റ

0

ഇലക്​ട്രിക്​ വാഹനങ്ങളാണല്ലോ ഇപ്പോൾ നാട്ടിൽ തരംഗം തീർക്കുന്നത്​. സ്കൂട്ടറുകളും ബൈക്കുകളും കാറുകളും എല്ലാം ഇ.വി ആയിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ വൈദ്യുത​ വിഭാഗത്തിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു വിഭാഗംകൂടിയുണ്ട്​. അതാണ്​ ഇലക്​ട്രിക്​ ബൈസിക്കിളുകൾ. ടാറ്റ തങ്ങളുടെ ഇ.വി നിരയിലെ ബൈസിക്കിൾ ആയ സ്​ട്രൈഡറിന്‍റെ പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്​ ഇപ്പോൾ.
അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം തുടങ്ങിയവയാണ്​ ഇലക്‌ട്രിക് സൈക്കിളുകളുടെ പ്രധാന മേന്മ. ഒരു ഇ-സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി വിലയുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. പാസഞ്ചർ കാർ വിപണിയിലെ അതികായകൻമാരായ ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്​ സ്‌ട്രൈഡർ.


സ്‌ട്രൈഡർ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് ബൈസിക്കിൾ പുറത്തിറക്കുന്നത്​. സ്ട്രൈഡർ സീറ്റ പ്ലസിന് അതിന്റെ മുൻഗാമിയായ സീറ്റ ഇ-ബൈക്കിനെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി ശേഷിയുണ്ട്. സ്‌ട്രൈഡർ സീറ്റ പ്ലസിന്‍റെ വില 26,995 രൂപയാണ് . ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും ഒരു പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വർധിപ്പിക്കുമെന്നും ടാറ്റ ഇന്റർനാഷണൽ അറിയിച്ചിട്ടുണ്ട്. പുതിയ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന്​ ബുക്ക് ചെയ്യാം. നിലവിൽ വിൽപ്പന ഓൺലൈൻ വഴി മാത്രമാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.



36-വോൾട്ട്/6 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സൈക്കിളിൽ സ്ട്രൈഡൽ ഉപയോഗിച്ചിരിക്കുന്നത്. 216 Wh ഊർജ്ജ ശേഷി നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ആസ്വാദ്യകരമായ റൈഡിംഗ് ഉറപ്പാക്കുന്നതിന് മതിയായ പവർ പുതിയ സീറ്റ പ്ലസ് ഉറപ്പുനൽകുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിൽ ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാനാവും. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ വേഗത 30 കിലോമീറ്റർ വരെ ഉയർത്താനും കഴിയും. ബാറ്ററി പായ്ക്ക് ഫുൾ ചാർജാകാൻ മൂന്നോ നാലോ മണിക്കൂർ മാത്രമേ എടുക്കൂവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

സ്‌ട്രൈഡർ സീറ്റ പ്ലസ് ഒരു സ്റ്റീൽ ഹാർഡ്‌ടെയിൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്​. ശക്തമായ ഓട്ടോ-കട്ട് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത് സേഫ്റ്റിയെ സഹായിക്കും.ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരു കിലോമീറ്ററിന് വെറും 10 പൈസ മാത്രമാണ് സ്‌ട്രൈഡർ സീറ്റ പ്ലസ് ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കുമ്പോൾ ചെലവാകുന്നത്.

‘സൈക്ലിങ്​ വ്യവസായത്തിലെ മുൻനിര ബ്രാൻഡ് എന്ന നിലയിൽ, രാജ്യത്ത് ഇതര യാത്രാ മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. സീറ്റ പ്ലസ് ഉപയോഗിച്ച് സ്റ്റൈലിഷും കാര്യക്ഷമവുമായ ഗതാഗത മാർഗം സ്വന്തമാക്കുന്നതിനൊപ്പം വിശ്വസനീയവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവും സ്ട്രൈഡർ ഇലക്ട്രിക് സൈക്കിൾ ഉറപ്പുനൽകുന്നു’വെന്ന് സ്ട്രൈഡർ ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here