പൊലീസ് ആസ്ഥാനത്ത് നിന്നും കുറച്ചകലെ; സൈനിക സുരക്ഷയുള്ള എൻസിസി ഓഫീസും തൊട്ടടുത്ത്; എന്നിട്ടും രാത്രി മഴയ്ക്കിടെ സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനം മുറിച്ച് കടത്തി മോഷ്ടാക്കൾ; അതീവ സുരക്ഷാ മേഖലയിലെ കവർച്ച ഞെട്ടിക്കുന്നത്; 24 മണിക്കൂറും കാവലും പെട്രോളിംഗും ഉള്ളിടത്ത് സംഭവിച്ചത്

0


തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി. 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങും ഉള്ള റോഡിലൂടെ ആണ് വാഹനത്തിൽ മരം കടത്തി കൊണ്ട് പോയത്. വഴുതക്കാടാണ് സ്‌റ്റേറ്റ് മുനിസിപ്പൽ ഹൗസ്. ഇതിന് അടുത്ത് നിരവധി ഓഫീസുമുണ്ട്. സൈന്യത്തിന് കീഴിലെ എൻസിസിയുടെ ഓഫീസും തൊട്ടടുത്ത്. അതീവ സുരക്ഷ വേണ്ട മേഖലയിലാണ് ചന്ദന മോഷണം.

ഓഫിസിന്റെ പിറകുവശത്തെ തോട്ടത്തിൽ നിന്ന മൂന്നു ചന്ദനമരങ്ങളിൽ ഒന്നാണ് വ്യാഴം രാത്രി കടത്തിയത്. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്നാണ് വിശദീകരണം. പിറകുവശത്തെ മതിലിനോട് ചേർത്ത് വാഹനം നിർത്തിയിട്ട ശേഷം മരം മുറിച്ചു കടത്തിയിരിക്കാമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരൻ പരാതി എഴുതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഇതും ദുരൂഹമാണ്. ചന്ദന മരം മോഷ്ടിച്ച് കടത്തുന്ന മാഫിയ തിരുവനന്തപുരത്ത് സജീവമാണ്.

രണ്ടു മാസം മുൻപ് ഫോർട്ടിലും സമാനരീതിയിൽ ചന്ദനമരം മോഷണം പോയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരമാണു രാത്രി മുറിച്ചു കടത്തിയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിന് ലഭിച്ചു. പക്ഷേ അന്വേഷണം നടന്നില്ല. ഇവർ തന്നെയാകും വഴുതക്കാടും മോഷണം നടത്തിയതെന്നാണ് വിലയിരുത്തൽ.

നഗരത്തിൽ സർക്കാർ ഭൂമിയിൽ നിന്നു നേരത്തേയും ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിരുന്നു. ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന 4 ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. തൊട്ടടുത്ത് തിരുവനന്തപുരം എൻജിനീയറിങ് കോളജ് വളപ്പിൽ നിന്നു മൂന്നു തവണ ചന്ദന മരം മുറിച്ചു കടത്താനും ശ്രമം നടന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നും ചന്ദനം കടത്തുന്ന സംഘങ്ങൾ സജീവമാണ്.

ചന്ദനമരത്തിന്റെ തൊലി മുതൽ വേരുവരെ മുറിച്ച് 16 തരത്തിൽ കഷണങ്ങൾ ആക്കുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന ചന്ദനത്തിന് 1000 മുതൽ 25,000 രൂപ വരെയാണ് കിലോഗ്രാമിനു വില ലഭിക്കുന്നത്. ഒരു ചന്ദനമരം മുറിച്ചുമാറ്റുമ്പോൾ വേരിന്റെ ഏറ്റവും അടിഭാഗംവരെ മാന്തിയെടുത്ത് ഒരു കഷണം പോലും കളയാതെയാണു ശേഖരിക്കുന്നത്. ഈ വിലയാണ് ചന്ദന മോഷ്ടാക്കളേയും ആകർഷിക്കുന്നത്. ചന്ദനം ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വിലയേറിയ വൃക്ഷമായിരിക്കും. ലോകത്തുണ്ടാക്കുന്ന 47 ശതമാനം പെർഫ്യൂമുകളിലും ചന്ദനത്തിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നുണ്ട്.

1970 കളിൽ ഇന്ത്യയിൽ വർഷംതോറും 4000 ടണ്ണോളം ചന്ദനം വിളവെടുത്തിരുന്നത് 2011 ആയപ്പോഴേക്കും 300 ടൺ ആയിക്കുറഞ്ഞു. 5000-6000 ടൺ ആണ് വർഷം തോറും ലോകമെങ്ങും ആവശ്യമുള്ള ചന്ദനത്തിന്റെ അളവ്. 2002 വരെ വ്യക്തികൾ ചന്ദനം വളർത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നു. ഇപ്പോൾ വളർത്താമെങ്കിലും മുറിക്കാൻ വനംവകുപ്പിന്റെ അനുമതിവേണമെന്നു മാത്രമല്ല, അവർക്കേ അതുവിൽക്കാനും അനുവാദമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here