ആലുവ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ കടന്നുപിടിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ ഏദൻ വില്ലയിൽ ജസ്റ്റിൻ (42) ആണ് വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം-മലപ്പുറം ബസിലാണ് കേസിനാസ്പദമായ സംഭവം.
കഴക്കൂട്ടത്തു നിന്ന് ആലുവയിലേക്കു പോകാൻ ഹസിൽ കയറിയ നാൽപത്തൊൻപതുകാരിയാണ് കണ്ടക്ടർക്ക് എതിരെ പൊലീസിൽ പരാതി നൽകിയത്. ബസിൽ ഒഴിഞ്ഞു കിടന്ന സീറ്റിലിരുന്ന യുവതിയോട് അതു ബുക്കിങ് ഉള്ള സീറ്റാണെന്നു പറഞ്ഞു. ശേഷം ഇവരെ ‘കണ്ടക്ടർ സീറ്റി’നടുത്തേക്കു വിളിച്ചിരുത്തിയ പ്രതി ബസ് മംഗലപുരത്ത് എത്തിയപ്പോൾ പിറകിലൂടെ കയ്യിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി മൊഴി നൽകിയതായി എഫ്‌ഐആറിൽ പറയുന്നു.
കണ്ടക്ടർ കൈവെച്ചതോടെ പേടിച്ചു പോയ സ്ത്രീ ഇയാളുടെ കൈ തട്ടിമാറ്റി മറ്റൊരിടത്തേക്കു പോകാൻ എഴുന്നേറ്റപ്പോൾ ഇനി ആവർത്തിക്കില്ലെന്നു പറഞ്ഞു മുട്ടുകാൽ കൊണ്ടു തടഞ്ഞതായും മൊഴിയിലുണ്ട്. അപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ എത്തിയതാണു യുവതി. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ പരാതി നൽകിയ ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെ കുറിച്ചു കെഎസ്ആർടിസി ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി.