വിദ്യയെയും വിദ്യയുടെ രാഷ്ട്രീയവും അറിയില്ല; വ്യാജ രേഖ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍

0

വ്യാജരേഖാ കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍. വിദ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് പോലെ താന്‍ ആര്‍ക്കെതിരെയും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന്‌ കൊണ്ട് അങ്ങനെ ചെയ്യില്ല. തനിക്കും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ക്കും വിദ്യ സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നി അത് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ലാലിമോള്‍ പറഞ്ഞു.

കെ വിദ്യ ആരെന്നു പോലും തങ്ങള്‍ക്ക് അറിയില്ല. വിദ്യയുടെ രാഷ്ട്രീയ പശ്ചാത്തലവും അറിയില്ല. സത്യസന്ധമായാണ് ജോലി ചെയ്തത്. മറിച്ച് വിദ്യ പറയുന്നത് തെറ്റാണെന്നും പ്രിന്‍സിപ്പല്‍ ലാലി മോള്‍ വ്യക്തമാക്കി. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നായിരുന്നു കെ വിദ്യ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി തന്നെ നേരിടുമെന്നും കെ വിദ്യ പ്രതികരിച്ചു.. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ കെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതികരണം. നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസില്‍ കൂടെ പഠിച്ചവരും കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേര്‍ന്നു രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവില്‍ പോയത്. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും വിദ്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here