കാടുകയറിയ പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം

0

കാടുകയറിയ പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സർക്കാർ. നോട്ടീസ് നൽകിയിട്ടും ഉടമ തയ്യാറാകാത്തപക്ഷം തദ്ദേശസ്ഥാപനം തന്നെ ഇത്തരം പറമ്പുകൾ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിന്റെ ചെലവും പിഴയും ഉടമയിൽനിന്ന് ഈടാക്കണം.

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽനിന്നുള്ള പാമ്പിന്റെ കടിയേറ്റ് തൃശ്ശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിൽ മൂന്നുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തെത്തുടർന്നായിരുന്നു ഉത്തരവ്. 2021 മാർച്ച് 24-നായിരുന്നു സംഭവം. പല പ്രാവശ്യം പറമ്പ് വൃത്തിയാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനാലാണ് ഇഴജന്തുക്കളുടെ താവളമായതെന്നായിരുന്നു ആക്ഷേപം.

കാടുമൂടിയ പറമ്പുകൾ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഗ്രാമപ്പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മതിയായ അധികാരം ഉണ്ടെന്നിരിക്കെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകുന്നതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പഞ്ചായത്തീരാജ്, നഗരപാലികാ നിയമങ്ങളിൽ അധികാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തും പരിപാലിക്കാതെ കിടക്കുന്ന ഇത്തരം പറമ്പുകളിൽ ഇഴജന്തുക്കളും മറ്റ് ക്ഷുദ്രജീവികളും പെരുകുന്നതിനു സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കാനും തയ്യാറാകണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here