ചീട്ടുകളിക്കാരെ പിടികൂടാന്‍എത്തിയ എസ്‌.ഐ. കെട്ടിടത്തില്‍നിന്ന്‌ വീണു മരിച്ചു

0


രാമപുരം: രാത്രിയില്‍ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു വീണു പോലീസ്‌ ഗ്രേഡ്‌ എസ്‌.ഐ.ക്ക്‌ ദാരുണാന്ത്യം. രാമപുരം എസ്‌.ഐ. ജോബി ജോര്‍ജാണ്‌(52) മരിച്ചത്‌.
രാമപുരം ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്ത്‌ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ആനത്താരയ്‌ക്കല്‍ ബില്‍ഡിങ്ങില്‍നിന്നാണ്‌ ജോബി വീണത്‌. കെട്ടിടത്തിനുള്ളില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നു ശനിയാഴ്‌ച രാത്രി പതിനൊന്നോടെ പോലീസ്‌ സംഘം എത്തുകയായിരുന്നു. ചീട്ടുകളി സംഘത്തിലുള്ളവര്‍ തൊട്ടടുത്ത മുറിയില്‍ കയറി വാതില്‍ അടച്ചു. വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ജോബി താഴേയ്‌ക്കു വീണത്‌.
ഭിത്തിയിലും ഇടനാഴിയിലെ മതിലിലും ഇടിച്ചു പരുക്കേറ്റ ജോബിയെ ഉടന്‍ പാലാ ഗവ. ആശുപത്രിയിലും തുടര്‍ന്ന്‌ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നോടെ മരിച്ചു. പൊന്‍കുന്നം ഇരുപതാംമൈല്‍ വാഴേപറമ്പില്‍ കുടുംബാംഗമാണ്‌. ഭാര്യ ബിന്ദു കുറവിലങ്ങാട്‌ കാളികാവ്‌ അരീക്കത്തുണ്ടത്തില്‍ കുടുംബാംഗം. മകള്‍ അല്‍ഫോന്‍സ(കാഞ്ഞിരപ്പള്ളി സെന്റ്‌. ജോസഫ്‌ സ്‌കൂള്‍ 9-ാം ക്ലാസ്‌ വിദ്യാര്‍ഥിനി). മൃതദേഹം ഇന്നു രണ്ടിനു രാമപുരം പോലീസ്‌ സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം നാളെ 11 നു പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയില്‍.

Leave a Reply