കെല്‍ട്രോണിന്‌ കുരുക്ക്‌ മുറുകി , മുന്‍കരാറുകളും അന്വേഷണത്തിലേക്ക്‌

0


തിരുവനന്തപുരം: എ.ഐ. കാമറ ഇടപാടില്‍ ആരോപണനിഴലിലായ കെല്‍ട്രോണിനു കൂടുതല്‍ കുരുക്കായി മുന്‍കരാറുകളിലും അന്വേഷണസാധ്യത തെളിയുന്നു. കെല്‍ട്രോണ്‍ ഉള്‍പ്പെട്ട മുന്‍കരാറുകളിലടക്കം അന്വേഷണമാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാന്‍ അണിയറനീക്കം സജീവമായി.
സംശയാസ്‌പദമായ കരാറുകളുടെ പല രേഖകളും പുറത്തായതു കെല്‍ട്രോണിന്‌ ഉള്ളില്‍നിന്നുതന്നെയാണെന്നും സൂചനയുണ്ട്‌. സ്‌ഥാപനത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ തമ്മിലുള്ള ചക്കളത്തിപ്പോരിനേത്തുടര്‍ന്നാണു രഹസ്യരേഖകള്‍ പലതും പ്രതിപക്ഷത്തിനടക്കം ലഭിച്ചത്‌. ധനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ കെല്‍ട്രോണ്‍ ലംഘിച്ചോയെന്നു ഗതാഗത കമ്മിഷണറോടു മന്ത്രി ആന്റണി രാജു വിശദീകരണം തേടിയതോടെ സര്‍ക്കാരും കെല്‍ട്രോണിനെ കൈവിട്ടെന്നു സൂചന.
എ.ഐ. കാമറ പരിശോധനയിലൂടെ ഗതാഗതനിയമലംഘനങ്ങള്‍ക്കു പിഴയീടാക്കുന്നതിനു മുന്നോടിയായുള്ള ബോധവത്‌കരണ നോട്ടീസ്‌ കെല്‍ട്രോണ്‍ ഇതുവരെ അയയ്‌ക്കാത്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്‌. പിഴ ഈടാക്കുന്നതു സംബന്ധിച്ച ജനരോഷം മുന്നില്‍ക്കണ്ടാണ്‌ ഒരുമാസത്തേക്കു കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ജനത്തെ അറിയിച്ച്‌ ബോധവത്‌കരിക്കാന്‍ നോട്ടീസ്‌ അയയ്‌ക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചത്‌. എന്നാല്‍, പിഴ ഈടാക്കാതെയുള്ള നോട്ടീസ്‌ അയയ്‌ക്കാന്‍ പണമില്ലെന്ന നിലപാടിലാണു കെല്‍ട്രോണ്‍. ഇതുസംബന്ധിച്ചാണു ഗതാഗത കമ്മിഷണറോടു മന്ത്രി വിശദീകരണം തേടിയത്‌.
എ.ഐ. കാമറ ഇടപാടില്‍ ധനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു പുറമേ, ഉപകരാര്‍ നല്‍കിയപ്പോള്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വകുപ്പിന്റെ അനുമതിയും കെല്‍ട്രോണ്‍ വാങ്ങിയിരുന്നില്ല. നിയമലംഘനങ്ങള്‍ അറിഞ്ഞിട്ടും ദൂരൂഹത നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ കെല്‍ട്രോണിനു സര്‍ക്കാരിലെ ചില ഉന്നതരുടെ സഹായം ലഭിച്ചെന്നാണു സൂചന. ഇതിന്റെ ഭാഗമായാണ്‌, എസ്‌.ആര്‍.ഐ.ടി. നല്‍കിയ ഉപകരാറുകളെക്കുറിച്ച്‌ അറിവുണ്ടായിരുന്നെന്നു കെല്‍ട്രോണ്‍ സമ്മതിച്ചത്‌. ടെന്‍ഡര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും എസ്‌.ആര്‍.ഐ.ടി. സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രസാഡിയോ, ട്രോയ്‌സ്‌ എന്നീ കമ്പനികള്‍ പദ്ധതി നിര്‍വഹണത്തില്‍ പ്രധാനപങ്കാളികളാണെന്നു വ്യക്‌തമാക്കുന്നതാണ്‌ ഉപകരാര്‍ രേഖ.
കാമറ ഇടപാട്‌ വിവാദമായപ്പോള്‍ ഉപകരാറുകളെക്കുറിച്ച്‌ അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെല്‍ട്രോണിന്റെ വാദം. പദ്ധതി നിര്‍വഹണം ഏല്‍പ്പിച്ചത്‌ എസ്‌.ആര്‍.ഐ.ടിയെയാണ്‌. ഉപകരാര്‍ നല്‍കിയതിന്റെ ഉത്തരവാദിത്വം എസ്‌.ആര്‍.ഐ.ടിക്കു മാത്രമാണെന്നായിരുന്നു നിലപാട്‌. ഇതിനിടെയാണ്‌ ഉപകരാറുകളെക്കുറിച്ച്‌ എസ്‌.ആര്‍.ഐ.ടി. അറിയിച്ചിരുന്നെന്നു വ്യക്‌തമാക്കുന്ന രേഖ കെല്‍ട്രോണ്‍തന്നെ പ്രസിദ്ധീകരിച്ചത്‌. 2021 മാര്‍ച്ച്‌ 13-ന്‌ എസ്‌.ആര്‍.ഐ.ടി. കെല്‍ട്രോണിനു നല്‍കിയ രേഖപ്രകാരം പ്രസാഡിയോ ടെക്‌നോളജി പ്രൈവറ്റ്‌ ലിമിറ്റഡും ട്രോയ്‌സ്‌ ഇന്‍ഫോടെക്കും പദ്ധതി നിര്‍വഹണത്തിലെ പ്രധാനപങ്കാളികളാണ്‌. മീഡിയാ ട്രോണിക്‌സ്‌ ഉള്‍പ്പെടെ ഒരു ഡസനോളം സ്‌ഥാപനങ്ങള്‍ ഒറിജിനല്‍ എക്വിപ്‌മെന്റ്‌ മാനുഫാക്‌ചറര്‍ (ഒ.ഇ.എം) ആയും പ്രവര്‍ത്തിക്കുന്നുണ്ട്‌.
കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖപ്രകാരം, ടെന്‍ഡര്‍ ഇവാലുവേഷനില്‍ എസ്‌.ആര്‍.ഐ.ടിക്കു കിട്ടിയത്‌ 100-ല്‍ 95 മാര്‍ക്ക്‌. അശോകയ്‌ക്കു 92, അക്ഷരയ്‌ക്ക്‌ 91 മാര്‍ക്ക്‌ വീതം കിട്ടിയപ്പോള്‍ ടെന്‍ഡറില്‍ പുറത്തായ ഗുജറാത്ത്‌ ഇന്‍ഫോടെക്കിനു കിട്ടിയതു വെറും എട്ട്‌ മാര്‍ക്ക്‌. ഭരണാനുമതിയും വര്‍ക്ക്‌ ഓര്‍ഡറും പദ്ധതിത്തുകയുടെ വിശദാംശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെന്‍ഡര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും മറച്ചുവച്ച കെല്‍ട്രോണ്‍ നടപടിക്കെതിരേ കടുത്തവിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണു രേഖകള്‍ കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചത്‌. ഇതോടെ ഉപകരാറിലെ കള്ളക്കളികളും കമ്പനികള്‍ തമ്മിലുള്ള കൂടുതല്‍ ബന്ധവും വരുംദിവസങ്ങളില്‍ പുറത്താകുമെന്നാണു സൂചന

LEAVE A REPLY

Please enter your comment!
Please enter your name here