അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ; റോബിൻ വിഷയത്തിൽ പ്രതികരണവുമായി മോഹൻലാൽ ഇന്നെത്തും: ചർച്ചയായി പ്രമോ വീഡിയോ

0


ബിഗ് ബോസ് സീസൺ 5ൽ അതിഥായി എത്തിയ ഡോ. റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതും അതിനു ശേഷമുള്ള റോബിന്റെ പ്രതികരണവും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുന്ന മോഹൻലാലിന്റെ പ്രമൊ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. ഇന്ന് മത്സരാർത്ഥികളുമായി സംവദിക്കാനെത്തുന്ന മോഹൻലാൽ ഇന്ന് ഈ വിഷയത്തിൽ വിശദീകരണം നൽകും. ഇത് സൂചിപ്പിച്ചാണ് ബിഗ് ബോസിന്റെ പുതിയ പ്രമൊ റിലീസ് ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ മോഹൻലാൽ എന്താണ് പറയുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിബോസ് ആരാധകർ.

”അതിഥി ദേവോ ഭവ. പക്ഷേ ഇവിടെ എങ്ങനെയെന്ന് കണ്ടറിയണമെന്ന് കഴിഞ്ഞ വീക്ക്ലി ടാസ്‌ക്കിനു മുമ്പേ ഞാൻ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയർ തമ്മിൽ ഏറ്റുമുട്ടി. പിന്നെ അതിഥികളുമായി സ്വരചേർച്ച നഷ്ടപ്പെട്ടു. പക്ഷേ അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ. അത് ലംഘിക്കപ്പെട്ടാലോ, അതിന്റെ പരിസമാപ്തി നമ്മൾ കണ്ടു.”മോഹൻലാൽ പ്രമൊ വിഡിയോയിൽ പറയുന്നു.

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ട് പെരുമാറിയതിനുമാണ് ബിഗ് ബോസ് പുറത്താക്കിയത്. പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടൽ ടാസ്‌കിൽ’ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിന്റുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. ഇതിനിടെ അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതാണ് റോബിനു വിനയായത്.

ഏതാനും ദിവസം മുമ്പാണ് ‘ബിബി ഹോട്ടൽ ടാസ്‌കി’ന്റെ ഭാഗമായി അതിഥികളായി സീസൺ 4 മത്സരാർഥികളായ റോബിൻ രാധാകൃഷ്ണും രജിത് കുമാറും എത്തിയത്.

Leave a Reply