ആശുപത്രിയിൽ നിന്നും മടക്കി അയച്ച യുവതി വീട്ടിൽ പ്രസവിച്ചു; മാസം തികയാതെ പ്രസവിച്ച കുഞ്ഞു മരിച്ചു

0

ചേർത്തല: ആശുപത്രിയിൽ നിന്നും മടക്കി അയച്ച യുവതി വീട്ടിൽ പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ച കുഞ്ഞു മരിച്ചു. അസഹ്യമായ നടുവേദനയെത്തുടർന്നു താലൂക്ക് ആശുപത്രിയിലെത്തിയ ആറു മാസം ഗർഭിണിയായ യുവതിയാണ് ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയതിന് പിന്നാലെ പ്രസവിച്ചത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 7ാം വാർഡ് വേലിക്കകത്ത് വീട്ടിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യ (32) ആണ് വീട്ടിൽ പ്രസവിച്ചത്. ധന്യയെ പ്രസവത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ചികിത്സ നൽകാതിരുന്നതാണു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ഭർത്താവ് ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകി. ഇന്നലെ പുലർച്ചെ 2.45നാണ് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ധന്യ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്്ടർ പരിശോധിച്ച ശേഷം വീട്ടിലേക്കു വിട്ടെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. എന്നാൽ വീട്ടിലെത്തി രണ്ടു മണിക്കൂറിനകം പ്രസവിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. ഗർഭകാലത്തെല്ലാം ഇതേ ആശുപത്രിയിലാണു ചികിത്സ തേടിയിരുന്നതെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.

Leave a Reply