ബ്ലൂടൂത്തിലൂടെ ഫോണിൽ സംസാരിച്ചാൽ പിടിക്കപ്പെടില്ല; പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ബാധകമല്ല; ബൈക്കിൽ ഒരു കുട്ടി അധികം യാത്ര ചെയ്താൽ പോലും പിഴ അടക്കണം; സ്പീഡ് പിടിക്കുന്നത് എട്ട് ക്യാമറകൾ മാത്രം; ജംക്ഷനുകളിലെ ചുവപ്പു സിഗ്‌നൽ ലംഘനം കോടതിക്കു കൈമാറും; ഇന്നു നിലവിൽ വരുന്ന ക്യാമറയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമായി

0


തിരുവനന്തപുരം: റോഡുകളിലെ അപകടം കുറയ്ക്കുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ മൂന്നാംകണ്ണ് ഇന്ന് പ്രവർത്തനം തുടങ്ങും. നിർമ്മിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ) പ്രവർത്തിക്കുന്ന ക്യാമറകൾ സംസ്ഥാനത്ത് 726 കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലായി 4 മൊബൈൽ ക്യാമറ യൂണിറ്റുകളുമുണ്ട്. എഐ ക്യാമറ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റോഡ് സേഫ്റ്റി കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്. അബദ്ധജടിലമായ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമറ കണ്ണുകളെത്തുമ്പോൾ സൂക്ഷിച്ച് വാഹന യാത്ര ചെയ്തില്ലെങ്കിൽ പിഴ വീട്ടിലെത്തും. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും.ഇതുൾപ്പെടെ കർശന വ്യവസ്ഥകളുമായാണ് മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമ്മിതബുദ്ധി) ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നത്. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും. അതായത് ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. അത് ഒരു ദിവസമാണെങ്കിൽ കൂടി സംഭവിക്കും.

മോട്ടർ വാഹനവകുപ്പിന്റെ 726 ക്യാമറകളിൽ 675 എണ്ണം സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, രണ്ടിലധികം യാത്രക്കാരുള്ള ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ കണ്ടെത്താനാണ്. 8 എണ്ണം അമിതവേഗം, 18 എണ്ണം ജംക്ഷനുകളിലെ ചുവപ്പ് സിഗ്‌നൽ ലംഘിക്കൽ എന്നിവ കണ്ടെത്തും (ആർഎൽവിഡി ക്യാമറ). അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളാണുള്ളത്. ലൈൻ ട്രാഫിക് പരിശോധനയ്ക്കും എഐ ക്യാമറകൾ ഉപയോഗിക്കാമെങ്കിലും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്‌സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദ്ദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.

പ്രധാനമായി ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുമ്പോഴാണ് എഐ ക്യാമറ ദൃശ്യം പകർത്തുക. കൈ ചെവിയിൽ പിടിച്ചതു കൊണ്ട് മൊബൈൽ ഉപയോഗം റിപ്പോർട്ട് ചെയ്യില്ല. നിലവിൽ കാറുകളിലെ ഹാൻഡ്‌സ് ഫ്രീ സൗകര്യം ഉപയോഗിക്കുന്നതു കണ്ടെത്താൻ സംവിധാനമില്ല. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ നഷ്ടപ്പെടാൻ ഇടയാക്കുമെന്നതിനാൽ അതു ചെയ്യാതിരിക്കുകയാണ് നല്ലതെന്ന് ഗതാഗത കമ്മീഷണർ ശ്രീജിത്ത് പറയുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ ദിവസം അര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി. ഇങ്ങനെ ഓരോ ദിവസവും സംസ്ഥാനത്താകെ ലക്ഷക്കണക്കിനു നിയമലംഘനങ്ങൾ കണ്ടെത്തിയാലും കുറ്റം വ്യക്തമായി സ്ഥാപിക്കാവുന്ന ശരാശരി 30,000 കേസുകളിലേ പിഴ ഉൾപ്പെടെ നടപടികൾക്കു സാധ്യതയുള്ളൂ. ഓരോ ജില്ലയിലും ശരാശരി 2500-3000 കേസുകൾ ദിവസവും ക്യാമറയിൽ പതിയുമെന്നാണ് പ്രതീക്ഷ

പിടികൂടുക 7 നിയമലംഘനങ്ങൾ

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ: 500 രൂപ
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ
ടു വീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര: 1000 രൂപ
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 2000 രൂപ
അനധികൃത പാർക്കിങ്: 250 രൂപ
അമിതവേഗം: 1500 രൂപ
ജംക്ഷനുകളിൽ ചുവപ്പു സിഗ്‌നൽ ലംഘനം. കോടതിക്കു കൈമാറും. പിഴ അവിടെനിന്ന്

2018 ൽ വേഗപരിധി പുതുക്കി കേന്ദ്ര വിജ്ഞാപനം വന്നിട്ടും 2014 ലെ സംസ്ഥാന വിജ്ഞാപനം പാലിച്ചാണ് എഐ ക്യാമറ പ്രവർത്തിക്കുന്നത്
ഒരു റോഡിലെ പരമാവധി വേഗപരിധി നിശ്ചയിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. റോഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിൽ താഴെയുള്ള ഏതു വേഗവും പരമാവധി വേഗമായി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. 2014 ലെ സംസ്ഥാന വിജ്ഞാപന പ്രകാരമുള്ള വേഗമാണ് കേരളത്തിലെ ഏതു റോഡിലും പാലിക്കേണ്ടത്.

ഇരുചക്ര വാഹനങ്ങളിൽ 2 പേരിൽ കൂടുതലുണ്ടെങ്കിൽ തീർച്ചയായും എഐ ക്യാമറ ചിത്രമെടുക്കും. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുക. മറ്റ് ഏജൻസികൾക്ക് ആവശ്യമെങ്കിൽ ദൃശ്യങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ തീരുമാനമുണ്ട്. നിരീക്ഷണ ക്യാമറ അല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം പോകുന്നവരെ പിന്തുടരാൻ എഐ ക്യാമറയ്ക്കു കഴിയില്ല. വിഡിയോ റെക്കോർഡിങ് സൗകര്യവുമില്ല. ട്രാഫിക് നിയമ ലംഘനങ്ങൾ മാത്രം പിടികൂടാൻ ഉദ്ദേശിച്ചുള്ളവയാണ് ഈ ക്യാമറകൾ.

ദ്രുതഗതിയിൽ എത്തേണ്ട എമർജൻസി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയെ ഒഴിവാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാസേന, ആംബുലൻസ്, പൊലീസ് തുടങ്ങി മുകളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളെയാണ് ഒഴിവാക്കുന്നത്. മറ്റ് ഇളവുകൾ നിലവിലില്ല.

നിസാര കുറ്റങ്ങളെന്ന് ആളുകൾ കരുതുന്ന, ഹെൽമെറ്റ് ധരിക്കാതിരിക്കുക, സീറ്റ്‌ബെൽറ്റ് ഇടാതിരിക്കുക ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയവകൊണ്ടുണ്ടാകുന്ന മരണങ്ങളാണ് റോഡപകടങ്ങളിൽ സംഭവിക്കുന്നതിൽ 54 ശതമാനവുമെന്നും അദ്ദേഹം പറഞ്ഞു. ഈ 54 ശതമാനം മരണവും കുറയ്ക്കാനായാൽ ഏകദേശം 2000 പേരെയെങ്കിലും ഒരുവർഷം റോഡപകട മരണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. ഇത് നിസാരമായ കാര്യമല്ലെന്ന് ശ്രീജിത്ത് പറയുന്നു.

Leave a Reply