ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്കായി മദ്യസത്കാരം; തിരുവനന്തപുരം പാങ്ങോട്ട് 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ച യുവാവിന് ദാരുണാന്ത്യം; ദുരൂഹത നീക്കാൻ പൊലീസ്

0

തിരുവനന്തപുരം: ലോട്ടറി അടിച്ചാൽ പലരും ഒളിച്ചുകഴിയുന്ന കാലമാണ്. സഹായം ചോദിച്ചുവരുന്നവരെ കൊണ്ട് പൊറുതിമുട്ടി പലരും ഇതുകിട്ടേണ്ടിയിരുന്നില്ലെന്ന് കൂടി ചിന്തിക്കാറുണ്ട്. എന്നാൽ ചിലരങ്ങനെയല്ല. അവർ ഭാഗ്യം ആഘോഷിക്കാറുണ്ട്. തലസ്ഥാനത്ത് പാങ്ങോട് ആഘോഷത്തിനിടെ, ഉണ്ടായത് ദുരന്തവും. 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.

ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിൽ നടന്ന മദ്യസത്കാരമാണ് ദുരന്തത്തിൽ കലാശിച്ചത്. രാത്രി ഒൻപതുമണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി മദ്യസൽക്കാരം നടത്തുകയായിരുന്നു.
സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീണു മരിക്കുകയായിരുന്നു.

വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചത്. ലോട്ടറിയടിച്ച് കിട്ടിയ 80 ലക്ഷം കഴിഞ്ഞ ദിവസം ബാങ്കിലേക്ക് എത്തിയിരുന്നു.

Leave a Reply