തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരം- കാസര്‍ഗോഡ് യാത്ര അഞ്ചര മണിക്കൂറായി ചുരുങ്ങുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്‌ണവ്.
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയും. ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടി ആരംഭിച്ചു.
സംസ്‌ഥാനത്തെ 34 റെയില്‍വേ സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കും. നേമം ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളിലെ പാളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയില്‍വേ സ്‌റ്റേഷനുകളും ടെര്‍മിനലുകളും ലോകോത്തര നിലവാരത്തിലെത്തും.
വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ആദ്യം പരീക്ഷണ ഓട്ടം നടത്തും. രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സര്‍വീസുകളാണ് നടപ്പാക്കുന്നത്. ചെയര്‍ കാര്‍ സര്‍വീസ്, സ്ലീപ്പര്‍ സര്‍വീസ്, വന്ദേ ഭാരത് മെട്രോ സര്‍വീസ്. ഇതില്‍ കുറഞ്ഞ ദൂരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ വന്ദേ ഭാരത് മെട്രോ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിന്റെ രൂപകല്‍പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പാരിസ്‌ഥിതികവും സാങ്കേതികപരമായ തടസങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തീരുമാനം കൈക്കൊള്ളാനാകൂ. സംസ്‌ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമേ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.