വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐ.പി.എസ് ഉദ്യോഗസ്‌ഥരുടെ പട്ടികയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് ഏബ്രഹാമും. മൂന്നു മാസത്തിന് ശേഷം ഇതേ വിഷയം ആസ്‌പദമാക്കി വിജിലന്‍സ് ഡയറക്‌ടറേറ്റില്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടിയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ ഔട്ട്. പകരം വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥര്‍ സ്‌ഥാനം പിടിക്കുകയും ചെയ്‌തു. വിവരാവകാശ പ്രവര്‍ത്തകരായ രാജു വാഴക്കാല, ബി. മനോജ് എന്നിവര്‍ക്ക് മൂന്നു മാസത്തെ ഇടവേളയില്‍ ലഭിച്ച മറുപടികളിലാണ് വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് ഏബ്രഹാമിന്റെ പേര് ഒളിച്ചു കളിക്കുന്നത്.
രാജു വാഴക്കാലായ്‌ക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, വിജിലന്‍സ് ഡയറക്‌ടറും എ.ഡി.ജി.പിയുമായ മനോജ് ഏബ്രഹാം എന്നീ ഐ.പി.എസ് ഉദ്യോഗസ്‌ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു.
ഇതേ ചോദ്യം ഉന്നയിച്ച ബി. മനോജിന് കഴിഞ്ഞ ആറിന് വിജിലന്‍സ് ഡയറക്‌ടറേറ്റില്‍നിന്ന് ലഭിച്ച മറുപടിയില്‍ ടോമിന്‍ ജെ. തച്ചങ്കരി, എസ്. ശ്രീജിത്ത് എന്നിവരുടെയും സര്‍വീസില്‍നിന്ന് വിരമിച്ച ജേക്കബ് തോമസ്, വേണുഗോപാല്‍ എന്നിവരുടെയും പേര് വിവരങ്ങള്‍ പരാമര്‍ശിക്കുന്നു.
ആരെയോ സംരക്ഷിക്കാനെന്ന വണ്ണം പരസ്‌പര വിരുദ്ധമായ മറുപടികളാണ് മനോജിന്റെ ചോദ്യങ്ങള്‍ക്ക് വിജിലന്‍സ് ഡയറക്‌ടറ്റേറില്‍നിന്നു ലഭിച്ചിരിക്കുന്നത്. എത്ര ഐ.പി.എസ് ഉദ്യോഗസ്‌ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവെന്ന ചോദ്യത്തിന് മറുപടിയായി വിവരമിച്ച ജേക്കബ് തോമസിന്റെയും വേണുഗോപാലിന്റെയും പേരുകളാണ് തന്നിരിക്കുന്നത്. സര്‍വീസിലുള്ള വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐ.പി.എസുകാരുടെ പേര് ചോദിച്ചപ്പോള്‍ തച്ചങ്കരിക്കും ശ്രീജിത്തിനുമൊപ്പം വേണുഗോപാലിന്റെയും ജേക്കബ് തോമസിന്റെയും പേരുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തച്ചങ്കരിക്കെതിരേ രണ്ട് കേസുണ്ട്. ഒന്നില്‍ തുടരന്വേഷണം നടക്കുന്നു. മറ്റൊന്നില്‍ തുടരന്വേഷണം നടത്തണമെന്നുള്ള കോടതി ഉത്തരവ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജേക്കബ് തോമസിനെതിരേയുള്ള രണ്ട് വിജിലന്‍സ് കേസില്‍ ഒന്നിന്റെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. ഇതില്‍ സുപ്രീംകോടതിയില്‍ അപ്പീലുണ്ട്. മറ്റൊന്നില്‍ അന്വേഷണം നടക്കുന്നു.
ശ്രീജിത്തിനെതിരായുള്ള ഏക കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. വേണുഗോപാലിനെതിരായ കേസില്‍ അന്വേഷണം തുടര്‍ന്നു വരികയാണ്. ഇതു കൂടാതെ സര്‍വീസില്‍നിന്ന് വിരമിച്ചവരും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെയും 31 പേര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്നും വിവരാവകാശരേഖ പറയുന്നു.
അന്വേഷണം നേരിടുന്ന ഇന്‍സ്‌പെക്‌ടര്‍മാര്‍:
എസ്.എം റിയാസ്, വി. ഷിബുകുമാര്‍, എസ്. നിയാസ്, ആര്‍. ശിവശങ്കരന്‍ (കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു), സുരേഷ് വി. നായര്‍.
ഡിവൈ.എസ്.പിമാര്‍:
ആര്‍. മനോജ്‌കുമാര്‍, അനീഷ് വി. കോര, പി. ശശികുമാര്‍, എസ്.വൈ. സുരേഷ്, കെ.എല്‍. സജിമോന്‍, ഹംസ.