നീറിത്തീരാതെ ബ്രഹ്‌മപുരം , പ്രാണവായു തേടി വീടുവിട്ടവരുടെ എണ്ണം 25, 000 കവിഞ്ഞു

0


കാക്കനാട്‌ : പന്ത്രണ്ടു നാള്‍ പിന്നിട്ട ബ്രഹ്‌മപുരത്തെ വിഷപ്പുകയില്‍നിന്നു രക്ഷ നേടാനായുള്ള ജനത്തിന്റെ പലായനം തുടരുന്നു. വന്‍കിട ഫ്ലാറ്റ്‌ സമുച്ചയങ്ങളില്‍നിന്നും നൂറുകണക്കിന്‌ പേരാണ്‌ ഇതിനോടകം മറ്റിടങ്ങളിലേക്ക്‌ താമസം മാറിയത്‌.
ജീവവായു കിട്ടാതെ ദുരിതമനുഭവിക്കുന്നവരില്‍ യുവാക്കള്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെയുണ്ട്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങളുള്ളതു കാക്കനാടും പരിസരങ്ങളിലുമാണ്‌. ശീതികരിച്ച മുറികളില്‍ പോലും വിഷവായു എത്തിത്തുടങ്ങിയതോടെ പലരും തൃശൂര്‍, കോഴിക്കോട്‌, ഇടുക്കി തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ താമസം മാറ്റി.
എവിടേക്കും പോകാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ വലിയ ദുരിതത്തിലാണ്‌. പലരും വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം പ്രായാധിക്യമുള്ളവരും രോഗങ്ങള്‍ അലട്ടുന്നവരുമാണ്‌. ഇന്‍ഫോപാര്‍ക്ക്‌, സ്‌മാര്‍ട്ട്‌ സിറ്റി, കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌, ചിറ്റേത്തുകരയിലെ പ്രത്യേക സാമ്പത്തിക മേഖല (സെസ്‌) എന്നിവിടങ്ങളില്‍നിന്നും നല്ലൊരു ശതമാനം ടെക്കികളും, ജീവനക്കാരും കൂട്ടത്തോടെ മറ്റു സ്‌ഥലങ്ങളിലേക്ക്‌ മാറിയിട്ടുണ്ട്‌.
ബ്രഹ്‌മപുരത്ത്‌ ഇത്തവണയുണ്ടായ അഗ്‌നിബാധയെ കോര്‍പ്പറേഷന്‍ അധികൃതരും സര്‍ക്കാരും ജില്ലാ ഭരണകൂടവും നിസാരവല്‍ക്കരിച്ചതും സ്‌ഥിതി സങ്കീര്‍ണമാക്കി. കോര്‍പ്പറേഷന്‍ മേയര്‍ അഗ്‌നിബാധ വകവക്കാതെ തിരുവനന്തപുരത്ത്‌ പോയതും കോര്‍പറേഷന്‍ ആരോഗ്യ സ്‌ഥിരം സമിതിക്കാര്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ പൂനയിലേക്ക്‌ വിമാനം കയറിയതും ബ്രഹ്‌മപുരം അഗ്‌നിബാധ അവഗണിച്ചതിന്റെ തെളിവാണ്‌.
വിഷപ്പുകയിലെ കണികകള്‍ ശ്വസിക്കുന്നത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നെ മെഡിക്കല്‍ വിദഗ്‌ധരുടെ അഭിപ്രായം പുറത്തുവന്നതോടെയാണ്‌ ജനങ്ങള്‍ മറ്റിടങ്ങളിലേക്കു പലായനം തുടങ്ങിയത്‌. പുക നിയന്ത്രണ വിധേയമാവാന്‍ ചുരുങ്ങിയത്‌ ഒരു മാസം ഇനിയും എടുത്തേക്കുമെന്നാണ്‌ സൂചന. കോറോണയ്‌ക്കു ശേഷം ശ്വാസകോശരോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ്‌ വിഷപ്പുകയുടെ വ്യാപനവും.

Leave a Reply