ചാറ്റുകള്‍ വ്യാജം; സ്വപ്‌നയുമായി ഔദ്യോഗിക ബന്ധം മാത്രം’ എല്ലാം നിഷേധിച്ച്‌ സി.എം. രവീന്ദ്രന്‍

0


കൊച്ചി: സ്വപ്‌നയുമായുള്ളതു ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മുമ്പാകെ മൊഴി നല്‍കി.
പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ല. ഫോണില്‍ കൃത്രിമം നടത്തി വ്യാജമായി നിര്‍മിച്ചതാകാമെന്നും രവീന്ദ്രന്‍ ഇന്നലെ നടന്ന ചോദ്യംചെയ്യലില്‍ പറഞ്ഞതായാണു സൂചന.
ലൈഫ്‌ മിഷന്‍ കേസുമായി ബന്ധപ്പെട്ടു സ്വര്‍ണക്കടത്തു കേസ്‌ പ്രതി സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ്‌ രവീന്ദ്രനെ ചോദ്യം ചെയ്‌തത്‌. ഇന്നലെ രാവിലെ പത്തരയയോടെ ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയ രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ ഒന്‍പതര മണിക്കൂര്‍ നീണ്ടു. രാത്രി എേട്ടാടെയാണ്‌ ഇ.ഡി. ഓഫീസില്‍നിന്നു രവീന്ദ്രന്‍ മടങ്ങിയത്‌. ചോദ്യംചെയ്യല്‍ തുടരും.
രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ഇ.ഡി. വിശകലനം ചെയ്യും. പൊരുത്തക്കേടുണ്ടെങ്കില്‍ വിശദമായി ചോദ്യംചെയ്യും. കള്ളപ്പണ ഇടപാടില്‍ രവീന്ദ്രനു പങ്കുള്ളതായി തെളിവു ലഭിക്കുന്നപക്ഷം അറസ്‌റ്റിനു സാധ്യതയുണ്ട്‌. എന്നാല്‍, ഈ ഘട്ടത്തില്‍ ഇ.ഡി. അറസ്‌റ്റിനു തുനിയില്ലെന്നാണു വിലയിരുത്തല്‍. സ്വപ്‌നയുള്‍പ്പെടെയുള്ള മറ്റു പ്രതികളെ ചോദ്യംചെയ്യാനുണ്ട്‌. അതിനുശേഷം നിയമോപദേശം തേടും. അറസ്‌റ്റിനു സാധ്യതയില്ലെങ്കില്‍ പ്രതിയാക്കാനാവും.
പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ്‌ മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്നാണു കേസ്‌.
കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്‌ന സുരേഷ്‌, യൂണിടാക്‌ ഉടമ സന്തോഷ്‌ ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്‌.
സ്വപ്‌നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്‌സാപ്‌ സംഭാഷണങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്‌. ഇത്‌ അടിസ്‌ഥാനമാക്കിസ്വപ്‌നയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഇ.ഡി. കൂടുതല്‍ ചോദ്യം ചെയ്യാനിടയുണ്ട്‌. രവീന്ദ്രനെതിരേ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. അതേസമയം, സന്തോഷ്‌ ഈപ്പന്‍, ലൈഫ്‌മിഷന്‍ സി.ഇ.ഒ: യു.വി. ജോസ്‌ എന്നിവരുടെ മൊഴികളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശമില്ല.
രണ്ടാം തവണയാണ്‌ ഇ.ഡി. നോട്ടീസ്‌ അയച്ചു രവീന്ദ്രനെ വിളിപ്പിക്കുന്നത്‌. ആദ്യം നോട്ടീസ്‌ അയച്ചെങ്കിലും ഹാജരായിരുന്നില്ല. രവീന്ദ്രനു നല്‍കിയ ആദ്യനോട്ടീസില്‍ ഫെബ്രുവരി 27 -നു ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി.
നേരത്തേ സ്വര്‍ണക്കടത്ത്‌ കേസില്‍ മൂന്നുതവണ നോട്ടീസ്‌ അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിനു ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ്‌ അന്നു ഹാജരായത്‌

LEAVE A REPLY

Please enter your comment!
Please enter your name here