ഓഹരി വിപണിയില്‍ രണ്ടുകോടി നഷ്‌ടമായി; യുവാവ്‌ ജീവനൊടുക്കി

0


അടൂര്‍ (പത്തനംതിട്ട): ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെട്ടതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു. അടൂര്‍ ഏഴംകുളം തൊടുവക്കാട്‌ ഈട്ടിവിളയില്‍ ടെസ്സന്‍ തോമസാ(32)ണു മരിച്ചത്‌.
എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ്‌ ട്രേഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുകാലമായി ഓഹരി ഇടപാടു തന്നെ ആയിരുന്നു പ്രധാന വരുമാനമാര്‍ഗം. മുമ്പ്‌ ഓഹരി വിപണിയിലെ ചെറിയ തിരിച്ചടികളില്‍നിന്ന്‌ തിരിച്ചുകയറിയിരുന്നു.
അടുത്തകാലത്തായി വലിയ ട്രേഡിങ്ങില്‍ വലിയതോതില്‍ നഷ്‌ടം സംഭവിച്ചതായി പറയുന്നു. തുടര്‍ന്നു പലയിടത്തുനിന്നായി കൂടുതല്‍ പണം കടം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടതായി വന്നു. ഇതിലും വീഴ്‌ചകള്‍ സംഭവിച്ചെന്നും സമീപകാലത്തായി ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
27 നു വൈകിട്ടു നാലോടെയാണ്‌ ഇദ്ദേഹത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ അടൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
തിരുവല്ല കല്ലൂപ്പാറ സ്വദേശിനി സ്‌നേഹയാണ്‌ ഭാര്യ. കഴിഞ്ഞ ഡിസംബര്‍ 29-നായിരുന്നു ഇവരുടെ വിവാഹം. തോമസാണ്‌ പിതാവ്‌. മാതാവ്‌ ലിനി. സഹോദരി: ടെസി തോമസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here