തിടമ്പേറ്റി രാമചന്ദ്രന്‍ ഒറ്റയ്‌ക്ക്; ഉത്സവക്കമ്മിറ്റികള്‍ വെട്ടില്‍

0


പാലക്കാട്‌ : സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ ജില്ലയില്‍ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്‌ഥകള്‍ വന്നതോടെ ഉത്സവക്കമ്മിറ്റികള്‍ വെട്ടില്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ചീഫ്‌ വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്റെ വ്യവസ്‌ഥകള്‍ക്കു വിധേയമായി ഉത്സവാഘോഷങ്ങളില്‍ രാമചന്ദ്രനെ ഒറ്റയ്‌ക്ക്‌ എഴുന്നള്ളിക്കാനാണ്‌ ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി അനുമതി നല്‍കിയത്‌. മറ്റ്‌ ആനകള്‍ക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്നാണു വ്യവസ്‌ഥ.
ഏഷ്യയിലെ ഏറ്റവും വലിയ ആനയായ രാമചന്ദ്രന്‍ തിടമ്പാനയാണ്‌. കൂട്ടാനയായി രാമനെ എഴുന്നള്ളിക്കാറില്ല. തിടമ്പേറ്റി രാമന്‍ ഒറ്റയ്‌ക്ക്‌ എഴുന്നള്ളിയാലും കാണാന്‍ ആളുകൂടുമെന്നാണ്‌ ആനപ്രേമികള്‍ പറയുന്നത്‌. രാമന്റെ എഴുന്നള്ളത്ത്‌ ആരംഭിച്ച്‌ അവസാനിക്കുന്നതുവരെ വീഡിയോ ചിത്രീകരിച്ച്‌ വനംവകുപ്പിനു കൈമാറണം. ജില്ലയില്‍ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളില്‍ രാമനെ പങ്കെടുപ്പിക്കാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷകളുടെ അടിസ്‌ഥാനത്തില്‍ എ.ഡി.എം: കെ. മണികണ്‌ഠന്റെ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി അടിയന്തരമായി ചേര്‍ന്നാണ്‌ വ്യവസ്‌ഥകള്‍ അറിയിച്ചത്‌.
ആലത്തൂര്‍ പാടൂര്‍ വേലയ്‌ക്കാണ്‌ ഇത്തവണ ജില്ലയില്‍ ആദ്യം രാമന്‍ എഴുന്നള്ളിയത്‌. അന്നു വിരണ്ടോടിയതായി വാര്‍ത്ത വന്നതാണു തിരിച്ചടിയായത്‌. രാമന്‍ വിരണ്ടോടിയില്ലെന്നും മറ്റൊരാന ഇടഞ്ഞപ്പോള്‍ ആളുകള്‍ പേടിച്ചോടിയതാണെന്നും പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ ക്ഷേത്ര ഭരണസമിതി അറിയിച്ചിരുന്നു. നാളെ നടക്കുന്ന മണ്ണാര്‍ക്കാട്‌ പൂരം കൊടിയേറ്റത്തിനാണ്‌ ഇനി രാമനെ എഴുന്നള്ളിക്കേണ്ടത്‌. കൊടിയേറ്റമായതിനാല്‍ കൂട്ടാനകളെ ഒഴിവാക്കി വ്യവസ്‌ഥ പാലിച്ച്‌ രാമനു തിടമ്പേറ്റാം. ആറിന്‌ ചിനക്കത്തൂര്‍ പൂരത്തിന്‌ ഒറ്റപ്പാലം ദേശക്കമ്മിറ്റി രാമനെ എഴുന്നള്ളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൂന്നു മണിക്കൂര്‍ നേരമേ എഴുന്നള്ളിക്കാവൂ എന്ന വ്യവസ്‌ഥയുള്ളതിനാല്‍ അവര്‍ പിന്മാറി. അതോടെ അതേ ദിവസം നടക്കുന്ന കടമ്പഴിപ്പുറം വായില്യാംകുന്ന്‌ പൂരത്തിന്‌ രാമനെ എത്തിക്കാന്‍ തിരുമാനമായി. നിലവിലെ വ്യവസ്‌ഥപ്രകാരം കൂട്ടാനകളെ ഒഴിവാക്കി രാമനെ മാത്രമായി അവിടെ എഴുന്നള്ളിക്കുമോ എന്നതില്‍ സംശയമുണ്ട്‌.
ചിനക്കത്തൂരില്‍ 27 ഉം വായില്യാംകുന്നില്‍ 21 ഉം ആനകള്‍ പൂരത്തിനിറങ്ങും. മണ്ണാര്‍ക്കാട്‌ പൂരത്തിനും ചിറ്റൂര്‍ കൊങ്ങന്‍പടയ്‌ക്കും എത്തുന്ന ആനകളെക്കൂടി കണക്കാക്കിയാല്‍ ആറിന്‌ എഴുപതോളം ആനകളാണു ജില്ലയിലെത്തുക

Leave a Reply