കൈക്കുഞ്ഞുമായി വിവാഹ മണ്ഡപത്തിലെത്തിയ യുവതി ഒന്നര വയസ്സുകാരിയുടെ സ്വർണ്ണമാല മോഷ്ടിച്ച് മുങ്ങി

0

കൈക്കുഞ്ഞുമായി വിവാഹ മണ്ഡപത്തിലെത്തിയ യുവതി ഒന്നര വയസ്സുകാരിയുടെ സ്വർണ്ണമാല മോഷ്ടിച്ച് മുങ്ങി. മലപ്പുറം താനൂരിലാണു സംഭവം. താനൂർ ഒലീവ് ഓഡിറ്റോറിയത്തിൽ നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ച താനൂർ എടക്കടപ്പുറം കുട്ടിയച്ചിന്റെ പുരക്കൽ ഇസ്ഹാക്ക് മകൾ ഒന്നര വയസുകാരി ഫാത്തിമ ഹൈറീന്റെ കഴുത്തിലെ സ്വർണ്ണച്ചെയിൻ പൊട്ടിച്ചെടുത്താണ് യുവതി മുങ്ങിയത്.

ഇസ്ഹാക്കിന്റെ സഹോദരൻ മജീദിന്റെ മകൾ മാജിദയുടെ കല്യാണത്തിനിടെയാണ് സംഭവം. കൈക്കുഞ്ഞുമായി ഓഡിറ്റോറിയത്തിലെത്തിയ യുവതി ഒരു മണിക്കൂറോളം ഓഡിറ്റോറിയത്തിൽ ചെലവിട്ടിട്ടുണ്ട് ഇതിനിടെ ഭക്ഷണവും കഴിച്ചിട്ടുണ്ട്. ഹാളിലെ മുൻ ഭാഗത്ത് ജ്യേഷ്ഠ സഹോദരി ഫാത്തിമ ഷഹീമയുടെ മടിയിലിരുന്ന് കളിക്കുന്നതിനിടെ ഇവിടെയെത്തിയാണ് യുവതി ഫാത്തിമ ഹൈറീന്റെ കഴുത്തിൽ നിന്ന് ഒരു പവനിലേറെ തൂക്കം വരുന്ന മാല കവർന്നത്. ഷഹീമയുടെ മടിയിൽ നിന്ന് ഹൈറീനെ വാങ്ങി താലോലിക്കുകയും തന്ത്രത്തിൽ മാല പൊട്ടിച്ച ശേഷം കുട്ടിയെ തിരിച്ചേൽപ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു. കുറഞ്ഞ സമയത്തിനകമാണ് മാല പൊട്ടിക്കൽ നടന്നത്.

ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ വിവാഹത്തിനെത്തിയ സ്ത്രീയെ ഏൽപ്പിച്ച ശേഷമാണ് യുവതി ഓഡിറ്റോറിയത്തിന്റെ മുൻഭാഗത്തെത്തി കവർച്ച നടത്തിയിട്ടുള്ളത്. കവർച്ചക്ക് പിന്നാലെ പുറത്തിറങ്ങിയ യുവതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. വിവാഹത്തിന് സ്ത്രീകൾ എത്തിയ ഓട്ടോയിലാണ് യുവതി രക്ഷപ്പെട്ടത്. കയ്യിൽ ഹാൻഡ് ബാഗുമായി ആകർഷകമായ രീതിയിൽ വസ്ത്രം ധരിച്ച് പന്ത്രണ്ടരയോടെ എത്തുന്ന യുവതി ആർക്കും സംശയം തോന്നാത്ത വിധത്തിലാണ് ഓഡിറ്റോറിയത്തിൽ കഴിഞ്ഞിട്ടുള്ളത്. ഇസ്ഹാക്ക് താനൂർ പൊലീസിൽ പരാതി നൽകി.

Leave a Reply