രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്

0

അപകീർത്തിക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർട്ടിയെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

രാഹുലിനെ അയോഗ്യനാക്കിയ നടപടിയും അതിന്റെ വേഗതയും ഞെട്ടിച്ചതായി കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചു. രാഹുലിനെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു പിന്നാലെ കോൺഗ്രസ് ഉന്നതതല യോഗം ചേരും. ഇന്നു വൈകിട്ട് അഞ്ചിനാണ് യോഗം. നേതാക്കളോട് എഐസിസി ആസ്ഥാനത്തേക്ക് എത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. നിയമപരമായി മുന്നോട്ട് പോകുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ബിജെപി അഴിമതിക്കാരെ രക്ഷിക്കുന്നുവെന്നും ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നുവെന്നും സഹോദരിയും എഎഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ഇത്തരം നടപടികൾ ജനാധിപത്യത്തെ തകർക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അധഃപതനമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു.

മോദിയുടെ ഇന്ത്യയിൽ പ്രതിപക്ഷം വേട്ടയാടപ്പെടുന്നുവെന്ന് മമത കുറ്റപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കൾ മന്ത്രിസഭയിൽ ഇടംകണ്ടെത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ പ്രസംഗത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം രമേശും പ്രതികരിച്ചു.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. കോടതി വിധി വന്ന വ്യാഴാഴ്ച മുതൽ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വർഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.

സൂറത്ത് കോടതി വിധിക്ക് മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ, രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആറ് വർഷ കാലയളവിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. എംപി എന്ന നിലയിൽ അനുവദിച്ച ഓദ്യോഗിക വസതിയും രാഹുലിന് നഷ്ടമാകും. ഒരു മണ്ഡലത്തിൽ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ഇറക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനത്തിൽ, വയനാട് മണ്ഡലം ഒഴിഞ്ഞ് കിടക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. രാജ്യസഭ, ലോക്‌സഭ, പ്രസിഡന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസ്, ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുവനന്തപുരം കേരള എന്നിവർക്കും വിജ്ഞാപനത്തിന്റെ കോപ്പി ലോക്‌സഭാ സെക്രട്ടറിയേറ്റ് അയച്ച് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. ഒരു എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നാൽ, ആ എംപി പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ സ്വാഭാവികമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

Leave a Reply