മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐ.ജി.എസ്.ടി പൂളിൽ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ വിഷയം ചർച്ച ചെയ്യാൻ സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്ന് സതീീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ചർച്ച ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയാണിത്. തുടർച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിൽ സർക്കാർ പ്രതിരോധത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രി മുൻകൈയെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണ് മൂന്നാം ദിനത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതി ലഭിക്കാതിരുന്നത്. റൂൾസ് ഓഫ് പ്രൊസീജിയറിലെ ഒരു ചട്ടവും ഉദ്ധരിക്കാതെയാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം അന്യായമായി സ്പീക്കർ നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള കോടികൾ നഷ്ടപ്പെടുത്തിയത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കപ്പെട്ടാൽ അത് സർക്കാരിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറിയേനെ എന്നു സതീശൻ കുറ്റപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസവും അപകടത്തിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് സ്പീക്കറെക്കൊണ്ട് നോട്ടീസ് അവതരണത്തിന് അനുമതി നിഷേധിപ്പിച്ചത്. സ്പീക്കറോട് ഒരു മുഖ്യമന്ത്രിയും സംസാരിക്കാത്ത ഭാഷയിലാണ് പിണറായി വിജയൻ ഇന്നലെ സംസാരിച്ചത്. സ്പീക്കർ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി തടസം സൃഷിക്കുകയാണ്. ഡൽഹിയിലും ഇതു തന്നെയാണ് നടക്കുന്നത്. പാർലമെന്റിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമൊക്കെ പ്രസംഗിക്കുന്നത് രേഖകളിൽ നിന്നും നീക്കം ചെയ്യുകയും അവർക്ക് പറയാനുള്ള അവസരങ്ങൾ നിഷേധിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്. മുണ്ടുടുത്ത മോദി അതേ കാര്യങ്ങൾ തന്നെ കേരളത്തിൽ ചെയ്യുന്നത് നിയമസഭാ ചരിത്രത്തിന് തന്നെ അപമാനമാണ്.- വി ഡി സതീശൻ പറഞ്ഞു.

4500 കോടിയുടെ നികുതി നിർദ്ദേശം അടിച്ചേൽപ്പിച്ച സർക്കാർ കേരളത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് അഞ്ച് വർഷം ഐ.ജി.എസ്.ടി പൂളിൽ നഷ്ടമാക്കിയത് 25000 കോടി രൂപയാണ്. സംസ്ഥാനാന്തര ചരക്ക് ഗതാഗതത്തിലൂടെ കേരളത്തിന് ലഭിക്കേണ്ട തുകയാണ് ഈ സർക്കാർ നഷ്ടമാക്കിയത്. ഐ.ജി.എസ്.ടി പൂളിലെ തുക അതത് സംസ്ഥാനങ്ങൾ യഥാസമയം വാങ്ങിയെടുത്തില്ലെങ്കിൽ അവസാനം അത് എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതിച്ച് പോകും. ഇന്ത്യയിലെ എറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാണ് ഐ.ജി.എസ്.ടിയിൽ നിന്നും ഏറ്റവുമധികം നികുതി കിട്ടേണ്ടത്. രണ്ടായിരം കോടി എസ്.ജി.എസ്.ടി കിട്ടിയാൽ മൂവായിരം കോടി രൂപ ഐ.ജി.എസ്.ടിയായി കിട്ടേണ്ടതാണ്. ജി.എസ്.ടി സംവിധാനം പുനക്രമീകരിക്കണമെന്ന് 5 വർഷമായി പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്.

6 കോടി രൂപ മുടക്കി ചെക്ക്പോസ്റ്റുകളിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നില്ല. ആർക്കു വേണമെങ്കിലും ഏത് സാധനവും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് നികുതി നൽകാതെ വിറ്റഴിക്കാൻ പറ്റുന്ന അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്. 1650 ഫയലുകളിൽ നിന്നാണ് ഐ.ജി.എസ്.ടിയുടെ 80 ശതമാനവും ലഭിക്കുന്നത്. ഈ ഫയലുകൾ എവിടെയാണെന്ന് പോലും അറിയില്ല. 5000 കോടിയോളം ലഭിക്കുമായിരുന്ന ഐ.ജി.എസ്.ടി അധിക വരുമാനം 7000 കോടി വരെ ഉയർത്താനകും. ഇത്രയും വലിയൊരു തുക കൃത്യമായി ലഭിച്ചാൽ സംസ്ഥാനത്തിന് അധിക നികുതികൾ ഈടാക്കാതെ തന്നെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമായിരുന്നു.

സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാനാകാത്ത അശാസ്ത്രീയമായ ജി.എസ്.ടി പുനക്രമീകരണമാണ് സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാളിപ്പോയ നികുതി ഭരണ സംവിധാനം നന്നാക്കാൻ സാധിക്കാത്ത സർക്കാരാണ് പാവങ്ങളുടെ തലയിൽ അമിത നികുതി ഭാരം കെട്ടിവയ്ക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്താൽ ആകാശം ഇടിഞ്ഞ് വീഴുമോ? സർക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റുകളും ചൂണ്ടിക്കാണിക്കുകയെന്നാണ് പ്രതിപക്ഷ ധർമ്മം. ഇതിന് അനുവദിക്കാതെ ഭൂരിപക്ഷവും അധികാരവും ഉപയോഗിച്ച് നിയമസഭാ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന അപമാനകരമായ സംഭവമാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമനില തെറ്റിയ മുഖ്യമന്ത്രി ഇന്നും പ്രതിരോധത്തിൽ ആകാതിരിക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് അടിയന്തിര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here