സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിൽ അഞ്ചു പ്രതികൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

0

സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിൽ അഞ്ചു പ്രതികൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ബിജെപി ആർ. എസ്. എസ് പ്രവർത്തകരായ ഒന്നാം പ്രതി കെ.ലിജേഷ്, ഏഴാം പ്രതി നിജിൽ ദാസ്, ഒൻപതാം പ്രതി ശരത്ത്, പത്താം പ്രതി വിമിൻ, പതിനൊന്നാം പ്രതിഅമൽ മനോഹരൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശേരി അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് എ.വി മൃദുലയാണ് വിധി പറഞ്ഞത്.

നിലവിൽ 17 പ്രതികളുള്ള കേസിലെ രണ്ടു പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള പതിനഞ്ച് പ്രതികളിൽ പത്തുപേർക്ക് വിവിധ ഘട്ടങ്ങളിലായി വിചാരണകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടൻ കെ.വിശ്വൻ ഹാജരായി. 2022 ഫെബ്രുവരി 21ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിന് പോയി വീട്ടിലേക്ക് വരുമ്പോൾ വീടിനടുത്തുവെച്ചു രാഷ്ട്രീയ വൈരാഗ്യത്താൽ പ്രതികൾ ഹരിദാസിനെ വെട്ടിക്കൊല്ലുന്നത്.

കേസിലെ നാലുപ്രതികളുടെ ശബ്ദസാമ്പിൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. നേരത്തെ പ്രതികളുടെ ജാമ്യഹരജി വിചാരണ കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം നേരത്തെ കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടിയേരി താഴെക്കുനിയിലെ ഉത്സവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഹരിദാസനും സ്ഥലത്തെ ബിജെപി, ആർ. എസ്. എസ് പ്രവർത്തകരും തമ്മിൽ വാക്തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതിൽ ആർ . എസ്. എസ് പ്രവർത്തകരായ ചിലർക്ക് മർദ്ദനമേറ്റ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ ഒന്നാം പ്രതി കെ.ലിജേഷ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലറും മണ്ഡലം പ്രസിഡന്റുമാണ്.കൊലപാതക കേസിലെ പ്രതിയായി റിമാൻഡിലായതിനാൽലിജേഷിന്റെ കൗൺസിലർ സ്ഥാനം തലശേരി നഗരസഭാ യോഗം റദ്ദാക്കിയിരുന്നു.

തുടർച്ചയായി കൗൺസിൽ യോഗത്തിൽ ഹാജരാകാത്തതിനെ തുടർന്നായിരുന്നു നടപടി. കേരളരാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പുന്നോൽ ഹരിദാസൻ വധം. പ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ചതിന് അദ്ധ്യാപിക ഉൾപ്പെടെ പ്രതി പട്ടികയിൽ ചേർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here