പഴയിടം ഇരട്ടക്കൊലപാതകം: പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

0


കോട്ടയം: പഴയിടത്ത്‌ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ ചൂരപ്പാടിയില്‍ അരുണ്‍ ശശി (31) കുറ്റക്കാരനെന്ന്‌ കോടതി. അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ജെ. നാസര്‍ ശിക്ഷ നാളെ വിധിക്കും. റിട്ട. പൊതുമരാമത്ത്‌ സൂപ്രണ്ട്‌ തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍. ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥ തങ്കമ്മ (69) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അരുണിനെതിരെ ചുമത്തിയിരുന്ന കൊലപാതകം (302), ഭവന ഭേദനം (449), കവര്‍ച്ച (397) എന്നീ കുറ്റങ്ങള്‍ പ്രോസിക്യൂഷനു തെളിയിക്കാനായി.
സംഭവം നടന്ന്‌ ഒരുപതിറ്റാണ്ടിന്‌ ശേഷമാണ്‌ അന്തിമ വിധി. 2013 ഓഗസ്‌റ്റ്‌ 28നായിരുന്നു ഇരുവരേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലയ്‌ക്കു പിന്നില്‍ ചുറ്റികകൊണ്ട്‌ അടിച്ച ശേഷം മുഖത്ത്‌ തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം.
ദമ്പതികളുടെ വിശ്വസ്‌തനായിരുന്ന അരുണ്‍ സംഭവ ദിവസം രാത്രി വീട്ടിലെത്തുകയും തങ്കമ്മ മുകള്‍ നിലയിലേക്കു പോയപ്പോള്‍ ടി.വി. കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെ ചുറ്റികയ്‌ക്കടിച്ചു വീഴ്‌ത്തുകയുമായിരുന്നു. ശബ്‌ദം കേട്ട്‌ ഇറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. തുടര്‍ന്നു സ്വര്‍ണവും പണവും മോഷ്‌ടിച്ചു കടന്നുകളയുകയായിരുന്നു.
തങ്കമ്മയുടെ സഹോദര പുത്രനായ അരുണിനെ സംഭവത്തിന്‌ ആഴ്‌ചകള്‍ക്ക്‌ ശേഷം മാലമോഷണത്തിന്‌ കോട്ടയത്ത്‌ അറസ്‌റ്റു ചെയ്‌തു. ഈ കേസിലെ ചോദ്യം ചെയ്യലിലാണ്‌ ക്രൂരതയുടെ ചുരുള്‍ അഴിഞ്ഞത്‌. ദൃസാക്ഷികളില്ലാത്ത കേസില്‍ 38 സാക്ഷികളെ വിസ്‌തരിച്ചു. 52 പ്രമാണങ്ങളും 30 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. വിധി കേള്‍ക്കാനായി ദമ്പതികളുടെ മക്കളായ ബിനുവും ബിന്ദുവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. പരമാവധി ശിക്ഷ കൊടുക്കണമെന്നു കോടതിയോട്‌ ആവശ്യപ്പെടുമെന്ന്‌ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ജിതേഷ്‌ പറഞ്ഞു.

Leave a Reply