കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാനാളില്ല; സ്‌റ്റോക്കുള്ള മരുന്ന്‌ പാഴാകും

0


കൊച്ചി : സ്വീകരിക്കാന്‍ ആളുകള്‍ വരാത്തതിനാല്‍ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള കോവിഡ്‌ വാക്‌സിന്‍ സ്‌റ്റോക്ക്‌ പാഴാകുന്നു. എല്ലാ ജില്ലയിലും വാക്‌സിന്‍ സ്‌റ്റോക്കുണ്ട്‌. എന്നാല്‍, അവയുടെ കാലാവധി ഈ മാസം 31ന്‌ അവസാനിക്കുകയാണ്‌. കാലാവധി കഴിയുന്നതോടെ ഇവ ഉപയോഗശൂന്യമാകും. അവ എന്തു ചെയ്യണമെന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടില്ല. കാലാവധി കഴിഞ്ഞാല്‍, നശിപ്പിക്കുകയല്ലാതെ മറ്റുപോംവഴിയുമില്ല.
മൂന്നാമത്തെ ഡോസ്‌ എടുക്കാന്‍ ആരോഗ്യവകുപ്പ്‌ ബോധവല്‍കരണംനടത്തിയിരുന്നു. അത്യാവശ്യക്കാരൊഴികെ ആരും തയാറായില്ലെന്നാണു അരോഗ്യവകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നത്‌. ഉദ്യോഗാര്‍ഥികളും വിദേശയാത്രക്കാരുമാണു മൂന്നാം ഡോസ്‌ എടുക്കുന്നത്‌. ഒരാള്‍ വന്നാലും പത്തുപേര്‍ക്കുള്ള ഒരു വയല്‍ വാക്‌സിന്‍ തുറക്കണം. വയല്‍ തുറന്നുകഴിഞ്ഞാല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്‌. ഒരാള്‍ വന്നാല്‍പോലും ബാക്കി വാക്‌സിന്‍ നശിപ്പിച്ചു കളയേണ്ട സ്‌ഥിതിയാണ്‌.
വയലില്‍ സൂക്ഷിച്ചിട്ടുള്ള അധികഡോസുകള്‍ കൂടി പ്രയോജനപ്പെടുത്തി പാഴാക്കല്‍ ഒഴിവാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍, വാക്‌സിന്‍ പാഴാകുന്നതു ഒരു ശതമാനത്തില്‍ താഴെയായി നിയന്ത്രിച്ചു നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ഈ മാസം 31 ആകുന്നതോടെ സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ കോള്‍ഡ്‌ ചെയിന്‍ പോയിന്റുകളില്‍ സൂക്ഷിച്ചിട്ടുള്ള വാക്‌സിനുകള്‍ പാഴാകും. അതിനാല്‍, ഇതുവരെ രണ്ടു ഡോസ്‌ സ്വീകരിക്കാത്തവരെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി നല്‍കാനാണു നിര്‍ദേശമെങ്കിലും ആരും ഇപ്പോള്‍ വാക്‌സിനെടുക്കാന്‍ തയാറല്ല.
കോവിഷീല്‍ഡിന്റെ ഗവ. സ്‌റ്റോക്ക്‌ ഏതാണ്ടു തീര്‍ന്നു. കോവാക്‌സിനാണു ബാക്കിയുള്ളത്‌. വീണ്ടും കോവിഡ്‌ വ്യാപനമുണ്ടായാല്‍, മൂന്നാം ഡോസ്‌ സ്വീകരിക്കണമെന്നു കേന്ദ്ര നിര്‍ദേശത്തിനു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്‌. സംസ്‌ഥാനത്തും വ്യാപനത്തിന്റെ തോത്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണു ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കോവിഡ്‌ രോഗികളുടെ എണ്ണം നേരിയതോതില്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്‌. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക്‌ ധരിക്കണമെന്നും കോവിഡ്‌ പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യവകുപ്പു മുന്നറിയിപ്പു നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here