ഡീസലടിക്കാന്‍ കാശില്ല; പെറ്റിയടിച്ച്‌ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌! ലക്ഷ്യം ആയിരം കോടി!

0


തിരുവനന്തപുരം : ഗതാഗതനിയമലംഘനങ്ങള്‍ക്കു പിഴ ഇനത്തില്‍ 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യം നിശ്‌ചയിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്‌. കുടിശിക തീര്‍ത്തില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിനുള്ള ഇന്ധനവിതരണം തടയുമെന്നു പമ്പ്‌ ഉടമകള്‍ മുന്നറിയിപ്പ്‌ നല്‍കിയ സാഹചര്യത്തിലാണു ജനത്തെ പിഴിയാനുള്ള തീരുമാനം.
മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടര്‍മാര്‍ പ്രതിമാസം 500 പെറ്റിക്കേസുകള്‍ പിടിക്കണമെന്ന അനൗദ്യോഗിക നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്‌. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. നിരത്തുകളില്‍ നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ കൂടി പ്രവര്‍ത്തനസജ്‌ജമാകുന്നതോടെ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനാകും.
സ്വന്തം വാഹനം പോലും നിരത്തിലിറക്കാന്‍ കഴിയാത്ത സാമ്പത്തികപ്രതിസന്ധിയിലാണു മോട്ടോര്‍ വാഹനവകുപ്പ്‌. ഒരുലക്ഷം രൂപയ്‌ക്കുമേല്‍ വിവിധ പമ്പുകളില്‍ കുടിശികയുണ്ട്‌.
ഇലക്‌്രടിക്‌ വാഹനങ്ങളുണ്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമല്ലെന്നു വകുപ്പ്‌ സര്‍ക്കാരിനെ അറിയിച്ചിരുന്നു. റോഡ്‌ സുരക്ഷയ്‌ക്കു കൂടുതല്‍ ഫണ്ടും വകുപ്പ്‌ ആവശ്യപ്പെടുന്നു.
കഴിഞ്ഞമാസം 17-നു പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്‌ ഇങ്ങനെ: സംസ്‌ഥാനബജറ്റിന്റെ അടിസ്‌ഥാനത്തില്‍ 2022-23 സാമ്പത്തികവര്‍ഷം മോട്ടോര്‍ വാഹനവകുപ്പ്‌ സ്വരൂപിക്കേണ്ട തുക 4138.59 കോടി രൂപയായി സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്നു.
നിലവില്‍ പുതുക്കിയ ബജറ്റ്‌ എസ്‌റ്റിമേറ്റ്‌ പ്രകാരം ഇത്‌ 5300.71 കോടി രൂപയാണ്‌. ഈ തുക പിരിച്ചെടുക്കാന്‍ ഓരോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍മാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍മാര്‍ക്കും ടാര്‍ജറ്റ്‌ നിശ്‌ചയിച്ചിട്ടുണ്ട്‌. എന്നാല്‍, ഇങ്ങെനയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here