രോഗിയെ പീഡിപ്പിച്ച സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമം , കോഴിക്കോട്‌ മെഡി. കോളജിലെ ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ചു പേര്‍ക്കു സസ്‌പെന്‍ഷന്‍

0


കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയ അഞ്ചു ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചുവിട്ടു.
ഗ്രേഡ്‌ 1 അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്‌, ഗ്രേഡ്‌ 2 അറ്റന്‍ഡര്‍മാരായ പി.ഇ. ഷൈമ, ഷലൂജ, നഴ്‌സിങ്‌ അസിസ്‌റ്റന്റായ പ്രസീത മനോളി എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ദിവസവേതന ജീവനക്കാരിയായ ദീപയെയാണ്‌ പിരിച്ചുവിട്ടത്‌.
യുവതി ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ ആശുപത്രി ജീവനക്കാരില്‍ ചിലര്‍ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ച ജീവനക്കാര്‍ പിന്നീടു നഷ്‌ടപരിഹാരം നേടിത്തരാമെന്ന വാഗ്‌ദാനവും നല്‍കി. ഇതില്‍ വഴങ്ങാതായതോടെ ഭീഷണിയായി. യുവതിക്കു മാനസിരോഗമാണെന്ന്‌ വരുത്തിത്തീര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ചു യുവതി കഴിഞ്ഞ ദിവസം ആശുപത്രി സുപ്രണ്ടിനു പരാതി നല്‍കി.
പീഡനക്കേസില്‍ അറസ്‌റ്റിലായ അറ്റന്‍ഡര്‍ ഗ്രേഡ്‌ 1 വടകര മയ്ന്നൂയര്‍ കുഴിപ്പറമ്പത്ത്‌ ശശീന്ദ്രന്‍ (55) റിമാന്‍ഡിലാണ്‌. ഭരണകക്ഷി സംഘടനാ അംഗമാണ്‌ ശശീന്ദ്രന്‍. ജീവനക്കാര്‍ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങള്‍ യുവതി പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്നാണ്‌ നടപടിയുണ്ടായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here