ചേര്‍പ്പിലെ സദാചാരകൊലപാതകം: മൂന്നുപേര്‍ കൂടി പിടിയില്‍

0


തൃശൂര്‍: ചേര്‍പ്പിലെ സദാചാരകൊലപാതകക്കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്‌റ്റില്‍. കുറുമ്പിലാവ്‌ കോട്ടം മച്ചിങ്ങല്‍ വീട്ടില്‍ അഭിലാഷ്‌ (27), കുറുമ്പിലാവ്‌ കോട്ടം കരിക്കന്തറ വീട്ടില്‍ വിഷ്‌ണു(32), കുറുമ്പിലാവ്‌ കോട്ടം കൊടക്കാട്ടില്‍ വീട്ടില്‍ വിജീത്‌ (37) എന്നിവരെയാണ്‌ പിടിച്ചത്‌. ഗള്‍ഫിലേക്ക്‌ മുങ്ങിയ ചേര്‍പ്പ്‌ സ്വദേശി അഭിലാഷിനെ ബന്ധുക്കള്‍ വഴി സമ്മര്‍ദം ചെലുത്തിയാണ്‌ നാട്ടിലേക്ക്‌ എത്തിച്ചത്‌.
അഭിലാഷിനെ എസ്‌.ഐ: സിദ്ധിഖ്‌ അബ്‌ദുള്‍ ഖാദറിന്റെ നേതൃത്വത്തിലും, വിഷ്‌ണു, വിജിത്ത്‌ എന്നിവരെ കോയമ്പത്തൂര്‍ ഗാന്ധിപുരം കോര്‍പ്പറേഷന്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും എസ്‌.ഐ. ഷബീബ്‌ റഹ്‌മാന്റെ നേതൃത്വത്തിലുമുള്ള പോലീസ്സംഘമാണ്‌ പിടിച്ചത്‌. വിദേശത്തു നിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു അഭിലാഷിനെ പിടികൂടിയത്‌. എല്ലാപ്രതികള്‍ക്കുമായി പോലീസ്‌ വലവിരിച്ചു കാത്തിരിക്കുകയാണ്‌. കൊലക്കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി. ഒന്നാംപ്രതി രാഹുല്‍ ഉള്‍പ്പെടെ ഇപ്പോഴും ഒളിവിലാണ്‌. മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തത്‌ ഉത്തരാഖണ്ഡില്‍ നിന്നാണ്‌. അവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
ഇരിങ്ങാലക്കുട എ.സി.പി: ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. എ.സി.പിയുടെ നേതൃത്വത്തില്‍ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേകടീം വിവിധ സംഘങ്ങളായി തിരിഞ്ഞാണ്‌ അന്വേഷണം നടത്തുന്നത്‌. ചിഞ്ചു, രാഹുല്‍, എന്നിവരാണ്‌ കേസില്‍ പിടിയിലാകാനുള്ളത്‌.
ചിറയ്‌ക്കല്‍ തിരുവാണിക്കാവ്‌ ക്ഷേത്രത്തിന്‌ സമീപത്ത്‌ സ്വകാര്യബസ്‌ ഡ്രൈവര്‍ സഹറി(33)നെയാണ്‌ സദാചാരസംഘം മര്‍ദിച്ചത്‌. ആന്തരീകാവയവങ്ങള്‍ തകര്‍ന്ന സഹര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ്‌ മരിച്ചത്‌. ഫെബ്രു. 18 ന്‌ രാത്രിയാണ്‌ സഹറിന്‌ മര്‍ദ്ദനമേറ്റത്‌. വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തു തമ്പടിച്ച യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്‌ത് ക്രൂരമായി വലിച്ചിഴച്ച്‌ മര്‍ദിക്കുകയായിരുന്നു. മര്‍ദനദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ്‌ കേസില്‍ നിര്‍ണായക വഴിത്തിരിവായത്‌

LEAVE A REPLY

Please enter your comment!
Please enter your name here