ഓപ്പറേഷന്‍ അരിക്കൊമ്പന്‍: കോടതി വിധിക്കായി കണ്ണുംനട്ട്‌ മലയോരം , നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്‌

0


രാജകുമാരി: കോടതി ഉത്തരവ്‌ പ്രതികൂലമായി നിലനില്‍ക്കുമ്പോഴും അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്‌ വനംവകുപ്പ്‌. 29 ന്‌ അനുകൂലമായ ഉത്തരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു മലയോരം. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇടുക്കിയിലേക്ക്‌ എത്തി. ഇതോടെ പ്രതിഷേധത്തിലായിരിക്കുന്ന പ്രദേശവാസികളും പ്രതീക്ഷയിലാണ്‌.
വരുന്ന 29 വരെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാന്‍ പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ നിലനില്‍ക്കുമ്പോഴും മറ്റു നടപടികളെല്ലാം വേഗത്തിലാക്കിയിരിക്കുകയാണ്‌ വനം വകുപ്പ്‌. ഇതിന്റെ ഭാഗമായി കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും ഉള്‍പ്പെടെയുള്ള കുങ്കിയാനകളെ എല്ലാം ചിന്നക്കനാലില്‍ എത്തിച്ചുകഴിഞ്ഞു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ ചിന്നക്കനാലിലെത്തി. ഇനി അനുകൂലമായ വിധി ഉണ്ടായാല്‍ ആനയെ മയക്കുവെടി വയ്‌ക്കുന്നതിനുള്ള നടപടികളിലേക്ക്‌ കടക്കാം. അടുത്ത ദിവസംതന്നെ മോക്‌ഡ്രില്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മയക്കുവെടി വയ്‌ക്കുന്നതിനു മാത്രമാണ്‌ കോടതിയുടെ വിലക്കുള്ളതെന്നും മറ്റു നടപടികളുമായി മുന്നോട്ടുപോകുന്നതിന്‌ തടസമില്ലെന്നും ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചു. എന്നാല്‍ ഒരു ദിവസം തീരുമാനിച്ച്‌ ആനയെ മയക്കുവെടി വച്ച്‌ പിടിക്കാന്‍ കഴിയില്ലെന്നും അനുകൂലമായ സാഹചര്യമുണ്ടായാല്‍ മാത്രമാകും ദൗത്യം നടത്താനാവുകയെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ മലയിറക്കുന്നതിന്‌ വനംവകുപ്പ്‌ നടപടികള്‍ വേഗത്തിലാക്കിയത്‌ നാട്ടുകാര്‍ക്ക്‌ പ്രതീക്ഷ പകര്‍ന്നു നല്‍കുന്നുണ്ട്‌. അരിക്കൊമ്പനെ പിടിക്കുന്നതിന്റെ ഉത്തരവിനായി 29 വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും മറ്റു നടപടികള്‍ ഇതിനുമുമ്പ്‌ പൂര്‍ത്തീകരിച്ച്‌ സജ്‌ജമായി ഇരിക്കാനാണ്‌ വനംവകുപ്പിന്റെ തീരുമാനം

Leave a Reply