മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌: സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ കോടതിയില്‍ ഹാജരാകണം

0


കാസര്‍ഗോഡ്‌: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസില്‍ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ മേയ്‌ 20 നു ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നിര്‍ദേശം. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ്‌ കോടതി നോട്ടീസയച്ചത്‌. വിചാരണയ്‌ക്കു മുമ്പ്‌ മുഴുവന്‍ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.
ജനുവരി പത്തിനാണ്‌ മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസില്‍ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എ. സതീഷ്‌ കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കഴിഞ്ഞമാസം ആറിന്‌ കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ചു കൃത്യത വരുത്തിയശേഷം തുടര്‍നടപടികള്‍ക്കായി മജിസ്‌ട്രേറ്റിനു കൈമാറി. കെ. സുരേന്ദ്രനാണ്‌ കേസിലെ ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന ട്രഷറര്‍ സുനില്‍ നായിക്‌, ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ്‌ കെ. ബാലകൃഷ്‌ണ ഷെട്ടി, സുരേഷ്‌ നായിക്‌, കെ. മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണു മറ്റു പ്രതികള്‍. ഇതില്‍ സുരേന്ദ്രനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പാണു ചുമത്തിയത്‌.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്‌.പി. സ്‌ഥാനാര്‍ഥി കെ. സുന്ദരയെ സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും രണ്ടു ലക്ഷം രൂപയും സ്‌മാര്‍ട്ട്‌ഫോണും നല്‍കുകയും ചെയ്‌തുവെന്നാണു കേസ്‌. മഞ്ചേശ്വരത്ത്‌ ഇടതുസ്‌ഥാനാര്‍ഥിയായിരുന്ന വി.വി. രമേശനാണ്‌ പരാതിയുമായി പൊലീസിനെ സമീപിച്ചത്‌. പോലീസ്‌ കേസെടുത്തെങ്കിലും പിന്നീട്‌ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here