വകവയ്‌ക്കാതെ ഭരണപക്ഷം; വഴങ്ങാതെ പ്രതിപക്ഷം

0


തിരുവനന്തപുരം : അയവില്ലാതെ നിയമസഭയിലെ പ്രതിസന്ധി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ ചര്‍ച്ച നടക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച്‌ സമ്മേളനം തുടര്‍ന്നുകൊണ്ടുപോകാന്‍ സ്‌പീക്കര്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇന്നലെ ചോദ്യോത്തരവേള അര മണിക്കൂര്‍ ആയപ്പോള്‍ ബഹളംമൂലം സഭ നിര്‍ത്തിവയ്‌ക്കാന്‍ സ്‌പീക്കര്‍ നിര്‍ബന്ധിതനായി. പിന്നീടു കാര്യോപദേശക സമിതി യോഗം ചേര്‍ന്നശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും അര മണിക്കൂര്‍കൊണ്ട്‌ അതും അവസാനിപ്പിച്ചു. മൊത്തം ഒരു മണിക്കൂറാണ്‌ സഭ സമ്മേളിച്ചത്‌.
രാവിലെ മന്ത്രി കെ. രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചില അനുരജ്‌ഞന ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അടിയന്തര പ്രമേയങ്ങള്‍ അനുവദിക്കുന്നതിലും സാമാജികര്‍ക്കെതിരായ കേസിന്റെ കാര്യത്തിലും വിട്ടുവീഴ്‌ചയില്ലെന്നു പ്രതിപക്ഷനേതാവ്‌ വ്യക്‌തമാക്കിയതോടെ അതു പരാജയപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെങ്കിലും സമ്മേളനം നിശ്‌ചയിച്ചതുപോലെ ഈ മാസം 30 വരെ തുടരാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിക്കുകയും അത്‌ സഭ അംഗീകരിക്കുകയും ചെയ്‌തു. ഇന്നലെ സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ എഴുന്നേറ്റു. രണ്ടു വനിതാ എം.എല്‍.എമാര്‍ക്കെതിരേ ഉള്‍പ്പെടെയാണു പത്തുവര്‍ഷം വരെ തടവുകിട്ടാവുന്ന കേസെടുത്തിരിക്കുന്നത്‌. ഈ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ സ്‌പീക്കറും സര്‍ക്കാരും തയാറാകാത്തതിനാല്‍ സഭാനടപടികളുമായി സഹകരിക്കാന്‍ സാധ്യമല്ല. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പോലീസിനെ അയച്ച അതേ സമീപനമാണ്‌ ഇവിടെയും സ്വീകരിക്കുന്നത്‌. -വി.ഡി. സതീശന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവന കഴിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി. ഡയസിന്‌ മുന്നിലുള്ള പ്രതിഷേധത്തെ എതിര്‍ത്ത സ്‌പീക്കര്‍ ചോദ്യോത്തരവേളയുമായി സ്‌പീക്കര്‍ മുന്നോട്ടുപോയി. അടിസ്‌ഥാനവര്‍ഗങ്ങളെ ബാധിക്കുന്ന ചോദ്യോങ്ങളാണ്‌ ഇവിടെ പരിഗണിക്കുന്നതെന്ന്‌ സ്‌പീക്കര്‍ ഓര്‍മിപ്പിച്ചു. പട്ടിക ജാതി വര്‍ഗവിഭാഗങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ആദ്യത്തെ ചോദ്യം. അതിനുശേഷം മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മറുപടിപറയാന്‍ മന്ത്രി സജി ചെറിയാന്‍ എഴുന്നേറ്റതോടെ പ്രതിഷേധം ശക്‌തമായി. ഇതോടെ 9.30ന്‌ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
11 മണിക്ക്‌ കാര്യോപദേശക സമിതിയോഗം ചേര്‍ന്നെങ്കിലും യു.ഡി.എഫ്‌. ബഹിഷ്‌കരിച്ചു. അതേസമയം സമ്മേളനം വെട്ടിചുരുക്കേണ്ടതില്ലെന്ന ധാരണയില്‍ ഇടതുമുന്നണി നേതാക്കളെത്തി. മന്ത്രി രാധാകൃഷ്‌ണന്‍ അത്‌ സ്‌പീക്കറെ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രിയും സ്‌്പീക്കറുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന്‌ 11.30ന്‌ വീണ്ടും സഭ സമ്മേളിച്ചു.
തന്റെ ഭാഗത്തുനിന്ന്‌ ആരുടെയും അവകാശങ്ങള്‍ നിഷേധിക്കില്ലെന്നും എന്നാല്‍ തെറ്റായ പ്രവണതകള്‍ അംഗീകരിക്കില്ലെന്നും സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്‌തമാക്കി. ഷാഫി പറമ്പില്‍ തോല്‍ക്കും എന്ന രീതിയില്‍ മുമ്പു നടത്തിയ പ്രസ്‌താവന പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്‌തമാക്കി. അതിനുശേഷം കഴിഞ്ഞ സംഭവങ്ങളാകെ ചൂണ്ടിക്കാട്ടി വിശദമായ റൂളിങ്ങും അദ്ദേഹം നല്‍കി.
സ്‌പീക്കറുടെ റൂളിങ്ങിനെ എതിര്‍ക്കുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ വ്യക്‌തമാക്കി. റൂള്‍ 50 മായി ബന്ധപ്പെട്ട്‌ നിയന്ത്രണം വന്നതാണ്‌ പ്രധാന പ്രശ്‌നം. സര്‍വകക്ഷിയോഗത്തിലും റൂള്‍ 50ല്‍ ഇതുവരെ തുടര്‍ന്ന രീതി തുടരാനാവില്ലെന്ന നിലപാടാണ്‌ മുഖ്യമന്ത്രിയും സ്വീകരിച്ചത്‌. സ്‌ത്രീസുരക്ഷയെക്കുറിച്ചുള്ള വിഷയമാണ്‌ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിച്ചത്‌. പുറത്ത്‌ അതുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ നടക്കുമ്പോള്‍ അത്‌ ഇവിടെ ചര്‍ച്ചചെയ്യാന്‍ അവസരം ലഭിക്കാത്തത്‌ അവകാശ നിഷേധമാണ്‌. അക്കാര്യത്തില്‍ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.-വി.ഡി. സതീശന്‍ പറഞ്ഞു.
എന്നാല്‍, ചട്ടം 50 മായി ബന്ധപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞ കാര്യങ്ങള്‍ വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ലെന്ന്‌ മന്ത്രി പി. രാജീവ്‌ പറഞ്ഞു. മൊത്തം 34 പ്രമേയങ്ങളാണ്‌ കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ചര്‍ച്ചചെയ്‌തതിട്ടുള്ളത്‌. അതില്‍ 2016ന്‌ മുന്‍പ്‌ 24 പ്രമേയങ്ങളാണ്‌ ചര്‍ച്ചചെയ്‌തത്‌. എന്നാല്‍ 2016ന്‌ ശേഷം 10 പ്രമേയം ചര്‍ച്ചചെയ്‌തു. ശരാശരി 2.5 പ്രമേയം എന്ന നിലയില്‍ ഇവ ചര്‍ച്ച ചെയ്‌തു. ഈ കാലയവളില്‍ 4 പ്രമേയം ചര്‍ച്ചചെയ്‌തു. എന്നാല്‍, കൃത്യമായി വിഷയങ്ങള്‍ നല്‍കാതെ ഇവിടെ ചര്‍ച്ചചെയ്യാന്‍ അവസരം ഉണ്ടാക്കാതിരിക്കാനാണ്‌ പ്രതിപക്ഷനേതാവ്‌ ശ്രമിക്കുന്നത്‌.- മന്ത്രി രാജീവ്‌ പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി വീണ്ടും സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി. തുടര്‍ന്ന്‌ വിദ്യഭ്യാസം തൊഴില്‍ ഉന്നതവിദ്യാഭ്യാസം, സാമൂഹികക്ഷേമം എന്നിവയ്‌ക്കുള്ള ധനാഭ്യര്‍ഥന പാസാക്കി നിയമസഭ പിരിഞ്ഞു

Leave a Reply