ആദ്യ തെരഞ്ഞെടുപ്പിലും ദേവികുളത്ത്‌ അയോഗ്യതയുടെ വാള്‍ , റോസമ്മ പുന്നൂസ്‌ മുതല്‍ എ. രാജ വരെ

0


തൊടുപുഴ: ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും ദേവികുളം മണ്ഡലത്തില്‍ അയോഗ്യതയുടെ വാള്‍ നീതിപീഠം പുറത്തെടുത്തു. 1957ല്‍ ആദ്യ നിയമസഭയില്‍ ഇവിടെനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ റോസമ്മ പുന്നൂസിനെയാണ്‌ അയോഗ്യയാക്കിയത്‌.
നാമനിര്‍ദേശ പത്രിക അകാരണമായി തള്ളിയെന്ന കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയുടെ പരാതിയില്‍ കോട്ടയം ട്രിബ്യൂണലിന്റേതായിരുന്നു വിധി. അന്ന്‌ ട്രിബ്യൂണലായിരുന്നു അത്തരം കേസുകള്‍ പരിഗണിച്ചിരുന്നത്‌. 1957 നവംബര്‍ 14നായിരുന്നു വിധി. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്‌ കേസായിരുന്നു അത്‌.
1957 ല്‍ കേരള നിയമസഭയിലേക്ക്‌ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്നു. സി.പി.ഐയ്‌ക്ക്‌ വേണ്ടി റോസമ്മ പുന്നൂസും കോണ്‍ഗ്രസിന്‌ വേണ്ടി ബി.കെ. നായരും മത്സരത്തിനിറങ്ങി. എന്നാല്‍ ബി.കെ. നായരുടെ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. വോട്ടെടുപ്പില്‍ റോസമ്മ പുന്നൂസ്‌ 1922 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു.
വരണാധികാരിയുടെ നടപടിക്കെതിരേ ബി.കെ നായര്‍, കോട്ടയം തെരഞ്ഞെടുപ്പ്‌ ട്രിബ്യൂണലിനെ സമീപിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയ നടപടി ക്രമപ്രകാരമല്ലെന്നായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ട്രിബ്യൂണല്‍ നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി ആദ്യം ഹൈക്കോടതിയും പിന്നീട്‌ സുപ്രീം കോടതിയും തള്ളിയതോടെ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി. ഉപതെരഞ്ഞെടുപ്പില്‍ ബി.കെ. നായരും റോസമ്മ പുന്നൂസും ഏറ്റുമുട്ടി. 7089 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ച്‌ റോസമ്മ പുന്നൂസ്‌ നിയമസഭയിലെത്തി. 1958 ജൂണ്‍ 30ന്‌ വീണ്ടും നിയമസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌തു.

Leave a Reply