സി.എം. രവീന്ദ്രന്‌ വീണ്ടും നോട്ടീസ്‌ നല്‍കുന്നതില്‍ തീരുമാനമായില്ല

0


കൊച്ചി: ലൈഫ്‌ മിഷന്‍ ഭവനപദ്ധതിക്കു വേണ്ടി ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്ന ഇ.ഡി. കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. ൈപ്രവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രനു വീണ്ടും നോട്ടീസ്‌ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
രവീന്ദ്രനെ ഇന്നു വീണ്ടും വിളിപ്പിക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും നിയമോപദേശം ലഭിച്ചിട്ടില്ല. സ്വര്‍ണക്കടത്തു പ്രതികളായ സ്വപ്‌നയേയും സരിത്തിനെയും ചോദ്യം ചെയ്‌തശേഷം വിളിപ്പിക്കാനും സാധ്യതയുണ്ട്‌.
അതേസമയം, രവീന്ദ്രനെതിരേ തെളിവില്ലാത്തതും ഇ.ഡിയെ കുഴയ്‌ക്കുന്നുണ്ട്‌. സ്വപ്‌നയുമായുള്ള സ്വകാര്യ ചാറ്റ്‌ കണ്ടെത്തിയിരുന്നു. ഇതു ഇരുവരും തമ്മിലുള്ള അടുത്തബന്ധം കാണിക്കുന്നതാണെന്നാണു ഇ.ഡിയുടെ വാദം. എന്നാല്‍, ചാറ്റുകള്‍ കള്ളപ്പണയിടപാട്‌ നടത്തിയെന്നതിനു മതിയായ തെളിവല്ലെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണു രവീന്ദ്രനെ വീണ്ടും വിളിപ്പിക്കുന്നതില്‍ തീരുമാനമാകാത്തത്‌.
രവീന്ദ്രന്‍ ഉപയോഗിച്ചിരുന്ന രണ്ടു ഫോണ്‍നമ്പറുകളും രവീന്ദ്രനുമായി ഏറ്റവും അടുപ്പമുള്ളവരുടെ നമ്പറുകളും ഇ.ഡി. നിരീക്ഷിച്ചിരുന്നു. ലൈഫ്‌ മിഷന്‍ ഇടപാടു സംബന്ധിച്ചു രവീന്ദ്രന്‍ ഫോണിലൂടെ നടത്തിയ സംഭാഷണങ്ങള്‍ അടക്കം കേള്‍പ്പിച്ചായിരുന്നു ചോദ്യം ചെയ്‌തല്‍.
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി.എസ്‌. സരിത്തും സി.എം. രവീന്ദ്രനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. എന്നാല്‍ ലൈഫ്‌ മിഷന്‍ മുന്‍ സി.ഇ.ഒ. യു.വി. ജോസിന്റെ മൊഴികളിലെ ചില പരാമര്‍ശങ്ങളാണു രവീന്ദ്രനെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നതെന്നാണു വിവരം. കേസില്‍ അറസ്‌റ്റുണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രന്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here