ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവ്‌ പിടിയില്‍

0


കട്ടപ്പന: കാഞ്ചിയാറ്റില്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപികയായ അനുമോള്‍ (27) കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ്‌ കാഞ്ചിയാര്‍ വട്ടമുകുളേല്‍ ബിജേഷ്‌ പിടിയിലായി. തമിഴ്‌നാട്ടില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കുമളിയില്‍ എത്തിയപ്പോഴാണു പോലീസ്‌ പിടികൂടിയത്‌. പ്രതി കുറ്റം സമ്മതിച്ചതായാണു വിവരം.
ഇന്നലെ ഉച്ചയോടെ കുമളി ടൗണില്‍വച്ചാണ്‌ പോലീസ്‌ ബിജേഷിനെ കസ്‌റ്റഡിയിലെടുത്തത്‌. കമ്പത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്നലെ രാവിലെ കുമളിയില്‍ വന്നിറങ്ങിയ സി.സി.ടി.വി ദൃശ്യം പോലീസിന്‌ ലഭിച്ചിരുന്നു. ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു വേഷം.
തുടര്‍ന്നു പോലീസ്‌ പല സംഘങ്ങളായി തിരിഞ്ഞ്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുമളി എസ്‌.എച്ച്‌.ഒ ജോബിന്‍ ആന്റണി അടങ്ങിയ സംഘത്തിന്‌ മുന്നിലകപ്പെടുകയായിരുന്നു.
ബിജേഷിനെ കട്ടപ്പനയില്‍ നിന്നെത്തിയ അന്വേഷണ സംഘത്തിന്‌ കൈമാറി.പിടികൂടുമ്പോള്‍ ഇയാള്‍ പഴയ വേഷം മാറ്റി ഷര്‍ട്ടും മുണ്ടുമാണ്‌ ധരിച്ചിരുന്നത്‌. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ എന്തിനാണു കുമളിയിലെത്തിയത്‌ എന്നതില്‍ വ്യക്‌തതയില്ല. കഴിഞ്ഞ 21 നാണു ബിജേഷിന്റെ ഭാര്യ അനുമോളെ (വത്‌സമ്മ ) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പുതപ്പില്‍ പൊതിഞ്ഞ്‌ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനു ദിവസങ്ങള്‍ പഴക്കമുണ്ടായിരുന്നു. ജഡം കണ്ടെത്തിയ ദിവസം തന്നെ ബിജേഷിനെ കാണാതായത്‌ സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ബിജേഷും കൊല്ലപ്പെട്ട അനുമോളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്‌തമായത്‌. അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ പണവുമായിട്ടാണു പ്രതി അതിര്‍ത്തി കടന്നത്‌. പോകും വഴി സ്വന്തം മൊബൈല്‍ കുമളി അട്ടപ്പള്ളത്ത്‌ വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.
ഈ ഫോണ്‍ പിന്നീട്‌ പോലീസ്‌ കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ എങ്ങനെയാണു ഭാര്യയെ കൊലപ്പെടുത്തിയതെന്ന്‌ വ്യക്‌തമാകൂവെന്നാണ്‌ അന്വേഷണ സംഘം പറയുന്നത്‌. പ്രതിയെ ഇന്നു രാവിലെ തെളിവെടുപ്പിന്‌ ശേഷം കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here