”എന്റെ മകനെ കൊന്നതാണ്‌…” പോലീസ്‌ കസ്‌റ്റഡിയില്‍ ഗൃഹനാഥന്‍ മരിച്ചു

0


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഹില്‍പാലസ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ഗൃഹനാഥന്‍ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നു മരിച്ചു.
പോലീസിന്റെ മര്‍ദനമേറ്റാണു മരണമെന്നാരോപിച്ചു തൃപ്പൂണിത്തുറയില്‍ പ്രതിഷേധവും സംഘര്‍ഷവും. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലിപറമ്പില്‍ മനോഹര(53)നാണു മരിച്ചത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ തൃശൂര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്‌ച്ച രാത്രി 8.50ന്‌ കര്‍ഷക കോളനിക്ക്‌ സമീപത്തുള്ള റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ്‌, ബൈക്കില്‍ വന്ന മനോഹരനെ കൈകാണിച്ചു. പത്തു മീറ്ററോളം മാറ്റി ബൈക്ക്‌ നിര്‍ത്തിയ മനോഹരനെ പിന്നാലെ എത്തിയ പോലീസുകാര്‍ മുഖത്തടിച്ചു. താന്‍ മദ്യപിച്ചിട്ടില്ലെന്നും സമീപത്തെ കടയിലേക്കു പോവുകയാണെന്ന്‌ പറഞ്ഞെങ്കിലും പോലീസുകാര്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നെവെന്ന്‌ കര്‍ഷക കോളനിയില്‍ താമസിക്കുന്ന സ്‌ത്രീകള്‍ പറഞ്ഞു. സ്‌റ്റേഷനില്‍വച്ച്‌ മനോഹരന്‍ കുഴഞ്ഞു വീണു.
പോലീസ്‌ ജീപ്പില്‍ ആദ്യം തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ എറണാകുളം ജനറല്‍ ആശുപത്രിയിലും അവിടെ നിന്നും എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലും എത്തിച്ചു. അപ്പോഴേക്കും മനോഹരന്‍ മരിച്ചു.
റോഡില്‍ വച്ച്‌ ബൈക്ക്‌ തടഞ്ഞ പോലീസുകാര്‍ അവിടെവച്ചും പിന്നീട്‌ ജീപ്പില്‍വച്ചും മനോഹരനെ മര്‍ദിച്ചതായാണ്‌ വിവരം. മനോഹരനെ കസ്‌റ്റഡിയില്‍ എടുത്ത അഡിഷണല്‍ എസ്‌.ഐ: ജിമ്മി ജോസിനെ അനേ്വഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.
തിരിച്ചറിയല്‍ രേഖകളുമായി പോലീസ്‌ സ്‌റ്റേഷനിലെത്തിയ സുഹൃത്തിനോടു പോലീസുകാര്‍ തന്നെ മര്‍ദിച്ചതായി മനോഹരന്‍ പറഞ്ഞിരുന്നു. പിന്നീടാണ്‌ മനോഹരന്‍ കുഴഞ്ഞു വീഴുന്നത്‌. രാത്രി സ്‌റ്റേഷനില്‍ എത്തിയ ബന്ധുക്കളോട്‌ മനോഹരന്‍ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിലാണെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. രാത്രി പന്ത്രണ്ടു മണിയോടെ മരണവാര്‍ത്തയും അറിയിച്ചു.
ചേരാനല്ലൂരില്‍ സുഹൃത്തുമായി ചേര്‍ന്ന്‌ ഓട്ടോ മൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ്‌ കട നടത്തുകയാണ്‌ മനോഹരന്‍. ദുശീലങ്ങളൊന്നുമില്ലാത്ത മനോഹരന്‍ കടയടച്ചു വീട്ടില്‍ വന്നശേഷം സുഹൃത്തുക്കളെ കാണാനായിട്ടാണു ബൈക്കില്‍ പുറത്തേക്കിറങ്ങിയതെന്ന്‌ ഭാര്യ പറഞ്ഞു.
മരണവാര്‍ത്ത അറിഞ്ഞതോടെ കര്‍ഷകകോളനി നിവാസികളും മനോഹരന്റെ സുഹൃത്തുക്കളുമടക്കം വലിയ ജനക്കൂട്ടം ഹില്‍പ്പാലസ്‌ സ്‌റ്റേഷന്‌ മുന്നിലെത്തി പ്രതിഷേധിച്ചു. മനോഹരന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തും എന്നറിയിച്ചെങ്കിലും പോലീസ്‌ സര്‍ജനെ ലഭിക്കാഞ്ഞതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയത്‌. ഇന്നലെ രാത്രി വീട്ടില്‍ എത്തിച്ച മൃതദേഹം ഇന്ന്‌ രാവിലെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കും. മനോഹരന്റെ ഭാര്യ: സിനി. മക്കള്‍: അര്‍ജുന്‍ (പ്ലസ്‌ വണ്‍ വിദ്യാര്‍ഥി), സച്ചിന്‍ (അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി).

“പാവമായിരുന്നു എന്റെ മകന്‍, എല്ലാവര്‍ക്കും ഉപകാരി. എന്നിട്ടും അവരവനെ അടിച്ചു കൊന്നു…” ഇരുമ്പനത്ത്‌ കര്‍ഷക കോളനിയിലെ ആ കൊച്ചുവീട്ടില്‍നിന്നുമുയരുന്ന വയോധികയായ അമ്മയുടെ തേങ്ങല്‍ ആരെയും വേദനിപ്പിക്കും. പ്രായമായ അമ്മയും അച്‌ഛനും ഭാര്യയും രണ്ട്‌ ആണ്‍ മക്കളുമടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ സന്തോഷമാണു തല്ലിക്കെടുത്തിയത്‌.
മനോഹരന്റെ ബൈക്കിനടുത്തെത്തിയ പോലീസ്‌ സംഘം കവിളത്ത്‌ അടിച്ചതായും ഒരടിയില്‍ തന്നെ മനോഹരന്‍ വിറച്ചു വീഴുന്നത്‌ കണ്ടതായും അയല്‍വാസികളായ സ്‌ത്രീകള്‍ പറഞ്ഞു. സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കും മറ്റു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും മനോഹരന്റെ സഹോദരന്‍ വേണു നല്‍കിയ പരാതിയില്‍ മനോഹരന്‍ പോലീസ്‌ ക്രൂരമായി മര്‍ദിച്ചതായും പറയുന്നുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here