ഓപ്പറേഷന്‍ ഷവര്‍മ: പിഴ ഈടാക്കിയത് 36 ലക്ഷം രൂപ; 317 സ്ഥാപനങ്ങള്‍ പൂട്ടി; 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ചു

0



തിരുവനന്തപുരം: ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സംസ്ഥാന വ്യാപകമായ പരിശോധനയിലൂടെ പിഴ ഈടാക്കിയത് 36 ലക്ഷം രൂപ. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 36,42500 രൂപ പിഴ ഈടാക്കിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളലും പരിശോധന നടത്തിയതായി മന്ത്രി സഭയില്‍ വ്യക്തമാക്കി. പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷവര്‍മ നിര്‍മ്മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയതോടെയായിരുന്നു ഈ തീരുമാനം.

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം , സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. എഫ് എസ് എ ആക്ട് പ്രകാരമായിരുന്നു ഈ നടപടി.

സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കിയ മയോണൈസ് എറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടല്‍, റെസ്‌റ്റോറന്റ്, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ പ്രതിനിധികളുമായി യോഗം വിളിച്ച് ചേര്‍ക്കുകയും അവര്‍ പച്ചമുട്ട കെ്ണ്ട് ഉണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here